ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രണ്ടു പ്രൊജക്ടുകള്‍ പ്രധാനമന്ത്രിയുടെ മുന്നിലേക്ക് നല്‍കും: പി.എസ്. ശ്രീധരന് പിള്ള
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നടക്കുന്ന വാമനവൃക്ഷ പഠനവും (ബോണ്‍സായ് വ വൃക്ഷ പഠനം) ഗണിത ശാസ്ത്രജ്ഞന് സംഗ്രമഗ്രാമമാധവനെ കുറിച്ചുള്ള പഠനവും പ്രധാനമന്ത്രിയുടെ മുന്നിലേക്കെത്തിക്കാന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. ഇന്ത്യന്‍ നോളജ് സിസ്റ്റം എന്ന പദ്ധതി പ്രയോഗത്തില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യങ്ങളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സെന്റ് ജോസഫ്സ് കോളജ് നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസിലാക്കുവാന്‍ ഇന്നലെ സെന്റ് ജോസഫ്സ് കോളജിലെത്തി.
ബോട്ടണി വിഭാഗം അധ്യാപിക ഡോ. ടി.വി. ബിനു, മലയാളം വിഭാഗം അധ്യാപിക പ്രഫ. ലിറ്റി ചാക്കോ എന്നിവരുടെ പ്രൊജക്ടുകളിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള രണ്ടു പഠന സെന്ററുകള്‍ക്കു തുടക്കമിടാനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വാമനവൃക്ഷ പഠനത്തിന് നേതൃത്വം നല്കുന്ന ഡോ. ടി.വി. ബിനുവിന്് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് അദ്ദേഹം മടങ്ങിയത്.
ഭാരതത്തിന്റെ വൈജ്ഞാനിക സമ്പത്തിലേക്ക് മികവുറ്റ സംഭാവനകള്‍ നല്കാന് പര്യാപ്തമായ രണ്ടു പ്രൊജക്ടുകള്‍
പ്രഫ. ലിറ്റി ചാക്കോ നടത്തുന്ന ഗവേഷണങ്ങള്‍
സംഗമഗ്രാമ മാധവനെ കുറിച്ച് പ്രഫ. ലിറ്റി ചാക്കോ നടത്തുന്ന ഗവേഷണങ്ങള്‍ പതിനഞ്ച് വര്‍ഷങ്ങളായി ഗണിതശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവനെ കുറിച്ച് മലയാളം അധ്യാപികയായ പ്രഫ. ലിറ്റി ചാക്കോ നടത്തുന്ന ഗവേഷണങ്ങള്‍ ഭാരതീയ വൈജ്ഞാനിക സമ്പത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാണ്. സംഗമ ഗ്രാമമാധവന്റെ അപ്രകാശിതമായ കൃതി കണ്ടെടുക്കാനും പ്രകാശനം ചെയ്യാനും ലിറ്റി ചാക്കോ ചെയര്‍മാനായി കോളജില്‍ പ്രവര്‍ത്തിക്കുന്ന പുരാരേഖാ സംരക്ഷണ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.
കേരള ചരിത്രത്തെ തന്നെ നിര്‍ണയിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെയും പതിനേഴാം നൂറ്റാണ്ടിലെയും ശിലാലിഖിതങ്ങള്‍ കണ്ടെടുക്കാനും ഡിജിറ്റലൈസ് ചെയ്യാനും ഈ സെന്ററിനു കഴിഞ്ഞു. കേരളീയ ഗണിത സരണിയുടെ പൈതൃക സംരക്ഷണമാണ് നിലവില്‍ സെന്ററിന്റെ പ്രവര്‍ത്തനം. ലക്ഷക്കണക്കിന് പുരാരേഖകള്‍ പ്രളയാനുബന്ധമായും അല്ലാതെയും പ്രിസര്‍വ് ചെയ്തു നല്‍കാനും ഇപ്പോഴും ആ രംഗത്ത് പ്രവര്‍ത്തിക്കുവാനും സെന്ററിന് കഴിയുന്നുണ്ട്. സ്ക്രിപ്റ്റ് ഗാര്ഡന്, മാധവീയം ഇന്സ്റ്റലേഷന്, ബുക് ടവര്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ സംഗമഗ്രാമ മാധവനെ കുറിച്ചള്ള ഗവേഷണങ്ങളുടെ അനുബന്ധമായി കോളജില്‍ ലഭ്യമാണ്.
ഈ ഗവേഷണത്തെ കുറിച്ച് ഡല്‍ഹിയില്‍ യുജിസി പവലിയനില്‍ അവതരിപ്പിക്കാന്‍ പ്രത്യേക ക്ഷണം ലഭിക്കുകയും ഗവേഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഗവേഷണത്തിന്റെ മേല്‍നോട്ടം യുജിസിയെ ഏല്പിക്കുകയും യുജിസി ചെയര്മാന് കോളജ് സന്ദര്‍ശിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. സംഗമഗ്രാമമാധവന്റെ രണ്ടു കൃതികള്‍ എന്ന പേരില്‍ ലിറ്റി ചാക്കോ സമാഹരണവും പഠനവും നിര്‍വഹിച്ച പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാമനവൃക്ഷകല എന്ന പുസ്തകത്തെ അധികരിച്ച് ഡോ. ടി.വി. ബിനു തയാറാക്കിയ പ്രോജക്ട്
പി.എസ്. ശ്രീധരന് പിള്ള രചിച്ച വാമനവൃക്ഷകല എന്ന പുസ്തകത്തെ അധികരിച്ച് ബോട്ടണി വിഭാഗം അധ്യാപികയും കോളജിലെ ഐക്യുഎസി കോര്‍ഡിനേറ്ററുമായ ഡോ. ടി.വി. ബിനു തയാറാക്കിയ പ്രോജക്ടിന്റെ ഭാഗമായി ബോട്ടണി വിഭാഗം ആരംഭിക്കുന്ന റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തന രൂപരേഖയും അദ്ദേഹം പരിശോധിച്ചു. ചൈനയില്‍ നാമ്പെടുത്ത് ജപ്പാന് വഴി വികസിച്ച് ലോകമെമ്പാടും വളര്‍ന്നു എന്ന് കരുതപ്പെട്ടിരുന്ന ബോണ്‍സായ് വൃക്ഷങ്ങള്‍ ഭാരതത്തിന്റെ സംഭാവനയാണെന്നും ബുദ്ധജൈനസന്യാസിമാരാണ്
ഇത്തരം അറിവുകള്‍ ചൈനയിലേക്കും ജപ്പാനിലേക്കുമെത്തിച്ചത് എന്നുമുള്ള വാദങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് വാമനവൃക്ഷങ്ങളെ കുറിച്ച് ഉപരി ഗവേഷണം നടത്തുന്ന പ്രൊജക്ടാണ് ഡോ. ബിനുവിന്റേത്. വാമനവൃക്ഷ പരിപാലനവും വില്പനയും ആരംഭിക്കുന്നതോടൊപ്പം അവയുടെ ഔഷധമൂല്യങ്ങള്‍ പരിശോധിച്ചറിയാനുമാണ് സെന്റര്‍ ലക്ഷ്യമിടുന്നത്.