ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; അശാന്തിയോടെ ചേലകടവ് നിവാസികള്‍
പുറമ്പോക്കിലെ ആളൊഴിഞ്ഞ വീടുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമായി
ഇരിങ്ങാലക്കുട: സാമൂഹ്യ ദ്രോഹികളും ലഹരിമാഫിയ സംഘങ്ങളും ചേലകടവ് പുറമ്പോക്കിലെ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന വീടുകളും പരിസരവും സുരക്ഷിത താവളമാക്കിയതോടെ എന്നും അശാന്തിയുടെ നാളുകളാണ്. ആക്രമണത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കരുവന്നൂര്‍ ദുര്‍ഗാനഗര്‍ സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന് (50), പേയില്‍ വീട്ടില്‍ സലീഷ് (42) എന്നിവര്‍ അപകട നില തരണം ചെയ്തു. ഇരുവര്‍ക്കും തലക്കാണ് പരിക്കേറ്റത്.
ചേലകടവ് പുറമ്പോക്കിലെ ആറു വീടുകളിലാണ് ലഹരിമാഫിയ സംഘം താവളമടിച്ചിരിക്കുന്നത്. സമീപത്തെ പുഴയോരവും റോഡിനു മറു വശത്തുള്ള ആളൊഴിഞ്ഞ പറമ്പുകളിലും ഇക്കൂട്ടര്‍ പകലെന്നോ രാത്രിയെന്നോ വിത്യാസമില്ലാതെ തമ്പടിക്കാറുണ്ട്. അതിനാല്‍ ഈ വഴികളിലൂടെ യാത്ര ചെയ്യുവാന്‍ പലര്‍ക്കും ഭീതിയാണ്. ദൂര സ്ഥലങ്ങളില്‍ നിന്നും പോലും ലഹരിവസ്തുക്കള്‍ വാങ്ങുവാന്‍ ഇവിടേക്ക് യുവാക്കളടക്കമുള്ളവര്‍ എത്താറുണ്ട്.
ഇവരില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങിയ ശേഷം ആളൊഴിഞ്ഞ വീടുകളിലാണ് സമയം ചെലവിടുക. മുമ്പ് സന്ധ്യ മയങ്ങിയാല്‍ ഉണ്ടായിരുന്ന ഇവരുടെ ശല്യം ഇപ്പോള്‍ പകല്‍ സമയത്തും കൂടുതലായിട്ടുണ്ട്. പോലീസില്‍ പരാതി നല്കിയാല് പോലീസ് എത്തുന്നതിനു മുമ്പേ ഇക്കൂട്ടര്‍ സ്ഥലം വിടുകയാണ് പതിവ്. ആളൊഴിഞ്ഞ വീടുകളില്‍ മാരാകായുധങ്ങളുടെ ശേഖരവും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസില്‍ വിവരം അറിയിച്ചതിന് സമീപവാസികള്‍ക്കെതിരെ ഭീഷണി മുഴക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്
എത്രയും പെട്ടന്ന് ഇവിടത്തെ പുറമ്പോക്കിലെ ആളൊഴിഞ്ഞ വീടുകള്‍ പൊളിച്ചുനീക്കണമെന്നും പോലീസിന്റെ നിരീക്ഷണം 24 മണിക്കൂറും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അശാന്തിയുടെ നിഴലിലാണ് പ്രദേശവാസികള്‍ കഴിയുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മൂര്‍ക്കനാട് ഗുണ്ടാ സംഘത്തിന്റെ പകപോക്കലില്‍ രണ്ടു പേരുടെ ജീവന് നഷ്ടപ്പെട്ടതിലെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഈ കേസില്‍ മുഖ്യപ്രതികള്‍ മൂര്‍ക്കനാട് പ്രദേശത്തുള്ളവര്‍ തന്നെയായിരുന്നു.
രണ്ടുമാസം മുമ്പ് പട്ടാപകല്‍ വീടുകയറി വൃദ്ധയെയും യുവതിയായ മകളെയും മരുമകനെയും ഇവരുടെ പിഞ്ചുകുഞ്ഞിനെയും വടിവാള്‍ വീശി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയെയും ഇതുവരെ പിടികൂടാനായിട്ടില്ല. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാപ്ാണത്തെ ഹോട്ടലുകളില്‍ കയറി അക്രമം അഴിച്ചുവിട്ട സംഘത്തെയും ഇതുവരെയും പിടികൂടാനായിട്ടില്ല. ഈ കൃത്യങ്ങളെല്ലാം നടന്നിരിക്കുന്നത് ലഹരിക്കടിമയായവരാണ് എന്നുള്ളതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.