സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ എത്താന്‍ വൈകുന്നതായി വ്യപാരികള്‍
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്താന്‍ വൈകുന്നതു വിതരണത്തെ ബാധിക്കുന്നതായി വ്യാപാരികള്‍. മുകുന്ദപുരം താലൂക്കിലെ റേഷന്‍ കടകളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ സൗജന്യ കിറ്റ് ഇതുവരേയും എത്തിയിട്ടില്ല. എപിഎല്‍ കാര്‍ഡുകാര്‍ക്കും കിറ്റു വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കട ഉടമകള്‍ പറഞ്ഞു. ഇതിനിടയില്‍ നവംബര്‍ മാസത്തെ കിറ്റുവിതരണ തിയതി പ്രഖ്യാപിച്ചതിനെതിരെ ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റി രംഗത്തെത്തി. ഒക്ടോബര്‍ മാസത്തെ കിറ്റുകള്‍ നവംബര്‍ പകുതി കഴിഞ്ഞിട്ടും പൂര്‍ണമായും വിതരണത്തിനു ലഭ്യമാക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ പിഎംജികെവൈ അരിയുടെ കൂടെ വിതരണം ചെയ്യേണ്ട ഗോതമ്പും കടകളില്‍ എത്തിയിട്ടില്ല. ഇതുമൂലം കിറ്റിനായി കടകളിലെത്തുന്ന കാര്‍ഡുടമകളും വ്യാപാരികളും തമ്മില്തര്ക്കിക്കേണ്ട ഗതിക്കേടിലാണ്. ആവശ്യത്തിനു കിറ്റുകള്‍ ലഭ്യമായെങ്കില്‍ മാത്രമേ സമയബന്ധിതമായി പൂര്ത്തിയാക്കാനാകൂ. അവസാന കാര്‍ഡുടമയ്ക്ക് വരെ കിറ്റുവാങ്ങാന്‍ സമയം അനുവദിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് പി.ഡി. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. മധു, ജോണ്സണ് മാത്തള, ജോജോ മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. അതേസമയം കിറ്റുകള്‍ കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യാന്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സപ്ലൈകോ അറിയിച്ചു. എപിഎല്കാരുടെ ഒക്ടോബര്‍ മാസത്തെ കിറ്റുകള്‍ അടുത്തദിവസങ്ങളില്‍ തന്നെ വിതരണം പൂര്‍ത്തിയാക്കും. വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റുകളിലേക്കുള്ള ആട്ട ലഭ്യമായിട്ടില്ല. അതുകിട്ടിയാല്‍ അവയുടേയും വിതരണം പൂര്‍ത്തിയാക്കുമെന്നും സപ്ലൈകോ വ്യക്തമാക്കി.