ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ പ്രവര്‍ത്തനം ഇനി സൂര്യപ്രകാശത്തില്‍
ഇരിങ്ങാലക്കുട: കേരളത്തിലെ എയ്ഡഡ് കോളജുകളിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ ക്യാമ്പസായി മറ്റുള്ളവര്‍ക്കു മാതൃകയായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. കോളജിന്റെ പുരമുകളില്‍ 170 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ വൈദ്യുത പദ്ധതിയാണു സ്ഥാപിച്ചിരിക്കുന്നത്. പ്രവൃത്തി ദിനങ്ങളില്‍ കോളജിന്റെ വൈദ്യുത ഉപഭോഗത്തിന്റെ 100 ശതമാനവും പ്രവര്‍ത്തിക്കുക സൗരോര്‍ജ വൈദ്യുതിയിലായിരിക്കും. കൂടാതെ മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നല്‍കും. ഇരിങ്ങാലക്കുട വൈദ്യുത വകുപ്പ് സെക്ഷനു കീഴിലുള്ള ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണ് ക്രൈസ്റ്റ് കോളജിലേത്. രണ്ടാം ഘട്ടത്തിലെ 70 കിലോവാട്ട് സോളാര്‍ പാനലിന്റെ വെഞ്ചിരിപ്പ് കര്‍മം തൃശൂര്‍ ദേവമാത പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ഡേവിസ് പനക്കല്‍ സിഎംഐ നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ, ദേവമാത പ്രൊവിന്‍സ് ധനവകുപ്പ് കൗണ്‍സിലര്‍ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി സിഎംഐ, സോഷ്യല്‍ വകുപ്പ് കൗണ്‍സിലര്‍ ഫാ. തോമസ് വാഴക്കാല സിഎംഐ, അജപാലന കൗണ്‍സിലര്‍ ഫാ. റിജോ പയ്യപ്പിള്ളി സിഎംഐ, പ്രൊവിന്‍സ് ഓഡിറ്റര്‍ ഫാ. ജോസ് താണിക്കല്‍ സിഎംഐ, കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. സണ്ണി പുന്നേലിപ്പറമ്പില് സിഎംഐ, കോളജ് സൂപ്രണ്ട് ഷാജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.