കംപ്യൂട്ടർ, പ്രിന്റർ തകരാർ: വില്ലേജ് ഓഫീസിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ തടസപ്പെടുന്നു
വില്ലേജ് ഓഫീസർമാർക്കനുവദിച്ചിരുന്ന ലാപ്ടോപ്പുകളിൽ പലതും കാലാവധി കഴിഞ്ഞു പ്രവർത്തന രഹിതമായതോടെ വില്ലേജ് ഓൺലൈൻ സേവനങ്ങൾ പലതും തടസപ്പെടുന്നതായി പരാതി. ഏഴു വർഷം മുമ്പാണു ഓൺലൈൻ സേവനങ്ങൾക്കായി വില്ലേജ് ഓഫീസർമാർക്കു ലാപ്ടോപ്പ് അനുവദിച്ചിരുന്നത്. എന്നാൽ ഇവയിൽ പലതും ഇപ്പോൾ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. തുടർന്നു ഓരോ ലാപ്ടോപ്പ് കൂടി അനുവദിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറും വേഗതക്കുറവും മൂലം അവ ഇതുവരെയും ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കാനായിട്ടില്ല. മുകുന്ദപുരം താലൂക്ക് പരിധിയിലെ 29 വില്ലേജ് ഓഫീസർമാരിൽ 19 പേരും ലാപ്ടോപ്പ് തകരാറിലായതായി പരാതിപ്പെട്ടിട്ടുണ്ട്. കോവിഡ് മുൻകരുതാലായി വില്ലേജ് ഓഫീസുകളിലെ മിക്കവാറും സേവനങ്ങൾ ഓൺലൈനായി നല്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കെ ലാപ്ടോപ്പുകൾ പ്രവർത്തനരഹിതമായതു സേവന നിർവഹണം തടസത്തിലാക്കിയതായി വില്ലേജ് ഓഫീസർമാർ പരാതിപ്പെടുന്നു. അതേസമയം ഓൺലൈൻ നികുതി രശീതികൾ പലപ്പോഴും നികുതിദായകർക്കു നേരിട്ടു നല്കുന്നില്ലെന്നും രശീതി പ്രിന്റിനായി അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കാൻ നിർദേശിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്. എന്നാൽ ലാപ്ടോപ്പുകൾക്കൊപ്പം മിക്കവാറും ഓഫീസുകളിലെ പ്രിന്ററുകളും തകരാറിലാണെന്നും വില്ലേജ് ഓഫീസർമാർ പറയുന്നു. ഉപകരണങ്ങളുടെ തകരാർ മൂലവും രശീതിക്കാവശ്യമായ പേപ്പറും മഷിയും ലഭിക്കാത്തതിനാലും നികുതി രശീതി പ്രിന്റെടുക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റു നിവർത്തിയില്ലെന്നാണു വില്ലേജ് ഓഫീസർമാരുടെ പക്ഷം. വില്ലേജ് ഓഫീസുകളിൽ ഇൻവെർട്ടർ പവർ സൗകര്യം ഏർപ്പെടുത്താത്തതും ഓൺലൈൻ നികുതി പിരിവിനു തടസമാകുന്നുണ്ട്. ഭൂനികുതി ഓൺലൈനായെന്ന മേനിയിൽ എഴുതി നല്കാവുന്ന രശീതി പുസ്തകങ്ങൾ വേണ്ടത്ര അനുവദിക്കുന്നില്ലെന്നും അവർ പരാതിപ്പെടുന്നു. മുകുന്ദപുരം താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസർമാരുടെ ലാപ്ടോപ്പുകളുടെ തകരാർ പരിഹരിക്കാൻ ഐടി മിഷനു നിർദേശം നല്കണമെന്നും കാലഹരണപ്പെട്ട ലാപ്ടോപ്പുകളും പ്രിന്ററുകളും മാറ്റി പുതിയവ അനുവദിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) താലൂക്ക് കമ്മിറ്റി ജില്ലാ കളക്ടർക്കു നിവേദനം നല്കി. വില്ലേജ് ഓഫീസുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങൾക്കായി നികുതിദായകരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയ്ക്കു അറുതി വരുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.