കേരളത്തിലെ ഏറ്റവും പഴയ നഗരസഭകളിലൊന്നായിട്ടും ഇരിങ്ങാലക്കുടയ്ക്ക് വികസനം അകലെ
വികസന നായകരെ കാത്ത്……
പുനര്ജന്മം കാത്തു പാതിവഴിയില്‍ നിലച്ച പദ്ധതികള്‍
ഇരിങ്ങാലക്കുട: നഗരസഭ കൗണ്‍സിലിലെ പുതിയ സാഹചര്യത്തില്‍ ഭരണം ആര്‍ക്കായാലും അത് അത്ര എളുപ്പമാവില്ല. കേവല ഭൂരിപക്ഷമില്ലെങ്കിലും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഭരണം ലഭിച്ച യുഡിഎഫിന് ഇത്തവണ പ്രതിപക്ഷത്തെ കൂടി കൈയിലെടുക്കാതെ മുന്നോട്ടു പോകാനാവില്ല. യുഡിഎഫിനു 17 സീറ്റും എല്‍ഡിഎഫിനു 16 സീറ്റും ബിജെപിക്ക് എട്ടു സീറ്റുമാണുള്ളത്. പ്രതിപക്ഷ കക്ഷികളും കൗണ്‍സിലില്‍ തുല്യശക്തികളാണ്. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നായിട്ടും അടിസ്ഥാനപരമായ പലകാര്യങ്ങളിലും നഗരം പുറകിലാണ്. പാതിവഴിയില്‍ നിലച്ചതും പൂര്‍ത്തിയാക്കിയിട്ടും പ്രവര്‍ത്തന ക്ഷമമല്ലാത്തതുമായ ഒട്ടേറെ പദ്ധതികളാണ് പുതിയ ഭരണസമിതിക്കു മുന്നില്‍ നടപടികള്‍ കാത്ത് കിടക്കുന്നത്.
പൂട്ട് വീണ നഗരസഭ അറവുശാല
ആധുനിക അറവുശാലയെന്ന ബോര്‍ഡ് മാത്രം ബാക്കിയാക്കി അറവുശാല അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളോളമായി. 2012 ഏപ്രില്‍ 22 നാണു ഈസ്റ്റ് കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലയുടെ മതിലിടിഞ്ഞ് മാലിന്യം പുറത്തേക്കു ഒഴുകിയത്. ഒരു അറവുശാലയ്ക്കുവേണ്ട അടിസ്ഥാന സംവിധാനങ്ങളൊന്നും ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന അറവുശാലയിലെ മാലിന്യടാങ്ക് പൊട്ടി മാലിന്യം സമീപത്തെ പറമ്പുകളിലേക്കു ഒഴുകിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നല്കിയ പരാതിയില്‍ കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയത്. വര്‍ഷം തോറും നഗരസഭയുടെ ബജറ്റില്‍ അറവുശാലയ്ക്കായി പണം മാറ്റിവയ്ക്കുമെങ്കിലും ഒരു രൂപ പോലും ചെലവഴിക്കാറില്ല.
ശാപമോക്ഷം കാത്ത് മിനി ബസ് സ്റ്റാന്‍ഡ്
നിര്‍മാണം പൂര്‍ത്തിയാക്കി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബസുകള്‍ കയറാത്ത നഗരസഭ മിനി ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി പിന്നീട് ചെലവാക്കിയത് ലക്ഷങ്ങളാണ്. ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി മിനി ബസ് സ്റ്റാന്‍ഡിനെക്കുറിച്ച് മിണ്ടാട്ടമില്ല. നഗരസഭ ബസ് സ്റ്റാന്‍ഡിലെ തിരക്ക് കുറയ്ക്കുന്നതിനും മാര്‍ക്കറ്റിന്റെ വികസനത്തിനുമായി നിര്‍മിച്ച മിനി ബസ് സ്റ്റാന്‍ഡ് നാശത്തിലാണ്. നഗരസഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാമഗ്രികള്‍ സൂക്ഷിക്കുന്നതും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുമാണു മിനി ബസ് സ്റ്റാന്‍ഡ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മലിനജല സംസ്കരണ പ്ലാന്റ്
നഗരത്തില്‍ മലിനജല സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ആലോചനകള്‍ നടക്കേണ്ട സമയം അതിക്രമിച്ചു. നഗരത്തിലെ അഴുക്കുചാലിലൂടെ ഒഴുകുന്ന മലിനജലം ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് ശുചീകരിച്ച് പുറത്തേക്കു വിടുകയാണ് മലിനജല സംസ്കരണ പ്ലാന്റില്‍ ചെയ്യുക. ശുചീകരിച്ച് പുറത്തേക്കു വിടുന്ന ജലം കൃഷിക്കു ഉപയോഗിക്കാമെന്നു വിദഗ്ധര്‍ പറയുന്നു. നഗരത്തിലെ കിണറുകളിലെ ജലത്തില്‍ കോളിഫാം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലിനജല സംസ്കരണം അത്യാവശ്യമാണെന്നും ടൗണ്‍ഹാള്‍ അടക്കമുള്ള നഗരത്തിലെ ഹാളുകളിലും മലിനജല സംസ്കരണത്തിനു പ്ലാന്റുകള്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
കണ്ണടച്ച തെരുവുവിളക്കുകള്‍
കഴിഞ്ഞ നഗരസഭ യോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെട്ട പ്രശ്നമാണ് തെരുവുവിളക്കുകള്‍ കത്താത്തത്. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ചുള്ള സമരങ്ങളും യോഗങ്ങളില്‍ നടന്നിരുന്നു. നഗരത്തിന്റെ പ്രധാനമേഖലകളില്‍ മുതല്‍ ഉള്‍പ്രദേശങ്ങളില്‍ പോലും ഈ പ്രശ്നം നിലനില്ക്കുന്നു.
ഒരിടത്തും എത്താത്ത ക്രിമറ്റോറിയം
തളിയക്കോണത്തെ ശ്മശാനത്തില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ക്രിമറ്റോറിയം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും പുതിയ സ്ഥലം കണ്ടെത്താനോ ക്രിമറ്റോറിയത്തിന്റെ നിര്‍മാണം ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല.
മാസങ്ങളുടെ ആയുസ് മാത്രം: സൗരോര്‍ജ പദ്ധതി നിലച്ചു
2010-2015 ഭരണസമിതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കൊട്ടിഘോഷിച്ച പദ്ധതിയാണ് നഗരസഭ ഓഫീസിനെ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന സമ്പൂര്‍ണ സൗരോര്‍ജ പദ്ധതി. എന്നാല്‍ ഭരണസമിതിയുടെ അവസാന സമയത്ത് ഭരണാധികാരികള്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നതും ഇതിന്റെ പേരിലായിരുന്നു. ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ നിലച്ചതിനു കാരണം ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണെന്നു ആരോപണം ഉയര്‍ന്നിരുന്നു.
വൃദ്ധര്‍ക്കു പ്രവേശിക്കാനാകാതെ പകല്‍ വീട്
10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരിങ്ങാലക്കുട ജവഹര്‍ കോളനിയില്‍ പണിത പകല്‍വീട് ഇന്നു രാത്രികാലത്ത് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പട്ടികജാതി ഫണ്ടുപയോഗിച്ചായിരുന്നു ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പകല്‍വീട് പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണം. വെള്ളവും വെളിച്ചവും വേണം. എന്നാല്‍ ഇതൊന്നും ലഭ്യമാക്കാന്‍ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. കെട്ടിടത്തിനു ചുറ്റും മതില് കെട്ടിയിട്ടുണ്ടെങ്കിലും കെട്ടിടവും പരിസരവും കാടുകയറി നശിക്കുകയാണ്.
എങ്ങുമെത്താത്ത സ്ത്രീ സൗഹൃദ പദ്ധതികള്‍
സ്ത്രീ സൗഹൃദത്തിന്റെ പേരില്‍ തുടങ്ങിയ മിക്ക സ്ഥാപനങ്ങളുടെയും നടത്തിപ്പിന്റെ കാര്യത്തില്‍ വീഴ്ച വന്നിരിക്കുകയാണ്. പല പദ്ധതികളും ദീര്‍ഘ വീക്ഷണമില്ലാത്തതിനാല് അവ പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ചിരുന്ന ഇ-ടോയ്ലറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതം. നഗരസഭ പരിപാലന ഫണ്ട് നല്കാത്തതിനാല് കാഴ്ച വസ്തുവായി മാറിയ അവസ്ഥയാണു ഇതിനുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ കെട്ടിടം നിലനില്‍ക്കുന്ന സ്ഥലത്ത് ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നുമായില്ല. വനിതകള്‍ക്കു സ്വയം തൊഴില്‍ നല്‍കുന്നതിനായി ജവഹര്‍ കോളനിയില്‍ പണി കഴിച്ച വനിതാ വ്യവസായകേന്ദ്രം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിനി ബസ് സ്റ്റാന്‍ഡില്‍ പണിത വനിതാ ക്ഷേമമന്ദിരവും ശാപമോക്ഷം കാത്ത് കാടുകയറിയ നിലയിലാണ്.
പട്ടികജാതിക്കാരുടെ വാണിജ്യ സ്വപ്നം കാടുകയറിയ നിലയില്‍
ഠാണാ കോളനിയില്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പട്ടികജാതി വിഭാഗത്തിനായി നിര്‍മിച്ച വികസന മന്ദിരം ഉപയോഗ്യമല്ലാതെ നശിക്കുകയാണ്. 15 വര്‍ഷം മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെയും പട്ടികജാതിക്കാര്‍ക്കു ഈ മന്ദിരം ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു സമീപം പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി നഗരസഭ നിര്‍മിച്ച മിനി ഷോപ്പിംഗ് കോംപ്ലക്സും കാടുകയറി നശിക്കുകയാണ്. രണ്ടുനില കെട്ടിടമാണു അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുന്നത്. 15 വര്‍ഷം മുമ്പാണു ഈ കെട്ടിടവും നിര്‍മിച്ചത്. പട്ടികജാതിക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സഹായിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അശാസ്ത്രീയമായി നിര്‍മിച്ച ഈ കെട്ടിടത്തിലേക്കു പ്രവേശിക്കുന്നതിനുള്ള ഗേറ്റ് തുറക്കാനാവാത്ത അവസ്ഥയിലാണ്. ഇവിടേക്കു ഏതു വഴി പ്രവേശിക്കാം എന്നുള്ളതു പോലും വ്യക്തമല്ല.