കോവിഡിന്റെ പശ്ചാത്തലത്തില്‍ നഗരസഭ ബസ് സ്റ്റാന്‍ഡിലെ ഫീസ് പിരിവ് മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു
ഇരിങ്ങാലക്കുട: കോവിഡിന്റെ പശ്ചാത്തലത്തില്‍ നഗരസഭ ബസ് സ്റ്റാന്‍ഡിലെ ഫീസ് പിരിവ് മാര്‍ച്ച് 31 വരെ നിര്‍ത്തി വക്കുന്നതിനു കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൊറത്തിശേരി ഗ്രാമപഞ്ചായത്ത് നഗരസഭയോടു കൂട്ടിച്ചേര്‍ത്തതിനു ആനുപാതികമായി ശുചീകരണ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു യോഗം തീരുമാനിച്ചു. പൊറത്തിശേരി മേഖലയില്‍ മാപ്രാണം അടക്കമുള്ള പ്രദേശങ്ങളില്‍ പോലും നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നു അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയോഗിക്കണമെന്നും നിലവിലെ തൊഴിലാളികള്‍ക്കു കോവിഡ് ഡ്യൂട്ടി പോലുള്ളവ തുടര്‍ച്ചയായി നല്‍കരുതെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. എംഎല്‍എ ഫണ്ടുകള്‍ സമയബന്ധിതമായി ചെലവഴിക്കുന്നതില്‍ നഗരസഭ ജാഗ്രത കാണിക്കുന്നില്ലെന്നു എല്‍ഡിഎഫ് കുറ്റപ്പെടുത്തി. നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് സെന്ററായി പ്രവര്‍ത്തിക്കുന്ന ഔവര്‍ ആശുപത്രി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി മാറ്റുന്നതിനു കൗണ്‍സില്‍ യോഗം അനുമതി നല്കി. നഗരസഭ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് പ്രവര്ത്തനക്ഷമമാക്കാത്തതിനെ ചൊല്ലിയും അംഗങ്ങളില്‍ നിന്നു വിമര്‍ശനമുയര്‍ന്നു. എന്നാല്‍, കംഫര്‍ട്ട് സ്റ്റേഷന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് ഈ മാസാവസാനം തുറന്നു നല്കുമെന്നു ചെയര്‍പേഴ്സണ്‍ സോണിയഗിരി യോഗത്തെ അറിയിച്ചു.