1.82 കോടിയുടെ മിനി സിവില്‍ സ്റ്റേഷന് 1.30 കോടിയുടെ മേല്‍ക്കൂര
ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷന് കം കോര്‍ട്ട് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകള്‍ ഭാഗമാണു പൊതുമരാമത്ത് ബില്‍ഡിംഗ്സ് വിഭാഗം 1,30,44,411 രൂപയ്ക്ക് ടെന്‍ഡര്‍ ഉറപ്പിച്ച് ട്രസ് ചെയ്തിരിക്കുന്നത്. 2005-ലാണു മൂന്നു നിലകളിലായി 1.82 കോടി ചെലവില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ 15 വര്‍ഷം പിന്നിട്ട കെട്ടിടത്തിന്റെ മുകള്ഭാഗം 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം ട്രസ് വര്‍ക്ക് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ വെള്ളം കിനിയുന്നില്ലെന്നും വേനല്‍കാലത്ത് മുകളിലത്തെ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ചൂടുകൂടുന്ന അവസ്ഥയ്ക്ക് പരിഹാരമായിട്ടാണു ട്രസ് വര്‍ക്ക് ചെയ്തതെന്നാണു വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 1,13,898,561 കിലോയാണു ട്രസ് വര്‍ക്കിന്റെ ഭാരം. ട്രസ് വര്‍ക്ക് ചെയ്യുന്നതിനു മുമ്പായി പൊതുമരാമത്ത് വകുപ്പ് മൊത്തം കെട്ടിടത്തിന്റെ ഫിസിക്കല്‍ വെരിഫിക്കേഷന് നടത്തിയിരുന്നു. ഇതിന്റെ ഓരോ ആര്‍സിസി കോളവും ബീമുകളും എടുക്കുന്നതിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണു ട്രസിന്റെ കോളത്തിന്റേയും ലോഡ് എന്നും അതിനാല്‍ കെട്ടിടം സ്ട്രച്ചറലി സേഫാണെന്നും പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ്സ് വിഭാഗം നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു. ഇരിങ്ങാലക്കുട മൂര്‍ക്കനാട് സ്വദേശിയായ പൊതുപ്രവര്ത്തകന് അഡ്വ. പി. പ്രമോദാണു വിവരാവകാശം തേടിയത്. ട്രസ് വര്‍ക്ക് ചെയ്തതിനു പകരം സോളാര്‍ പാനലുകള്‍ വെയ്ക്കുകയായിരുന്നെങ്കില് കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള ചൂട് കുറയുമായിരുന്നെന്നു അഡ്വ. പി. പ്രമോദ് പറഞ്ഞു. പിഡബ്ല്യുഡി കെട്ടിടങ്ങള്‍ക്കു സാങ്കേതിക അനുമതി നല്കുന്ന ടെക്നിക്കല്‍ സെക്ഷന്‍ പരിശോധിക്കുകയോ അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. മൂന്നു നിലകളില്‍ മുകളില്‍ നിര്‍മാണം നടത്തിയാല്‍ ചട്ടപ്രകാരം ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തണം. തയാറെടുപ്പുകളോ കൂടിയാലോചനകളോ ഇല്ലാതെയാണു ട്രസ് വര്‍ക്ക്. ഒന്നേകാല്‍ കോടിയിലേറെ രൂപ ചെലവഴിച്ച് നടത്തിയ പ്രവൃത്തികളെ കുറിച്ച് ലോകായുക്ത അനേഷിക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു. എന്നാല്‍ ലേണിംഗ് ടെസ്റ്റിനും മറ്റുമായി ആര്‍ടിഒ ഓഫീസീനു സ്ഥലം ഉപയോഗപ്പെടുത്താനായിട്ടാണു ട്രസ് ചെയ്തിരിക്കുന്നതെന്നും സോളാര്‍ പാനലുകള്‍ വെയ്ക്കുന്നതിനായി സ്ഥലം ഒഴിവാക്കിയിട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.