സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ഇടപെടലില്‍ വയോധികനു തണലൊരുങ്ങി
ഇരിങ്ങാലക്കുട: സംരക്ഷിക്കാന്‍ ആരുമില്ലാതെ ഒറ്റമുറിയില്‍ അവശതയില്‍ കഴിഞ്ഞിരുന്ന വയോധികനെ സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തില്‍ പുനരധിവസിപ്പിച്ചു. ഇരിങ്ങാലക്കുട മാപ്രാണം ഭാഗത്തു ഒറ്റമുറി വീട്ടില്‍ കഴിഞ്ഞു വന്നിരുന്ന പാമ്പിനേഴത്ത് റസാഖ് (70) എന്ന വയോധികന്റെ ദുരവസ്ഥ അങ്കണവാടി വര്‍ക്കറായ വാഹിദ ഇസ്മയിലാണു അനുബന്ധവകുപ്പ് അധികൃതരെ അറിയിച്ചത്. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍, സി. രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നു അടിയന്തിര അന്വേഷണം നടത്തുകയും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.എച്ച്. അസ്ഗര്‍ഷാ, ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്‍ഡ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ സി. ലതിക എന്നിവര്‍ക്കു റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.എച്ച്. അസ്ഗര്‍ഷാ വയോധികനെ മേത്തല കൊന്നച്ചോടുള്ള ദയ അഗതിമന്ദിരത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു നിര്‍ദേശം നല്‍കുകയായിരുന്നു. കോവിഡ് സാഹചര്യത്തില്‍ റസാഖിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കി പരിശോധനഫലം നെഗറ്റീവായതിന്റെ സാഹചര്യത്തില്‍ വയോധികന്റെ സംരക്ഷണം മുന്‍നിര്‍ത്തിയാണു അടിയന്തിരമായി പുനരധിവസിപ്പിച്ചത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ നാട്ടുകാരുടെ സഹായത്തോടെയാണു ഇത്രയും നാള് കഴിഞ്ഞു വന്നിരുന്നത്. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍, സി. രാധാകൃഷ്ണന്, അങ്കണവാടി വര്‍ക്കര്‍ വാഹിദ ഇസ്മയില്‍, വി.കെ. റാഫി, ടി.കെ. വാസന് എന്നിവര്‍ എത്തി വയോധികനെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു.