മായില്ല നീ, മാലാഖ കുരുന്നേ…….. ഐറിന് നാട് വിടചൊല്ലി

ഇരിങ്ങാലക്കുട: തേങ്ങലൊടുങ്ങാതെ ചേലൂര്‍ ഗ്രാമം. പള്ളിമുറ്റത്ത് വാഹനാപകടത്തില്‍ മരിച്ച ചേലൂര്‍ മണാത്ത് വീട്ടില്‍ ബിനോയുടെയും ജിനിയുടെയും മകള്‍ രണ്ടുവയസുകാരി ഐറിന് നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിലെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ചേലൂര്‍ സെന്റ് മേരീസ് പള്ളിയിലായിരുന്നു സംസ്കാരം.

സംസ്കാര ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജോഷി പാലിയേക്കര, മുന്‍ വികാരി ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദു, മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, മുന്‍ നഗരസഭ ചെയര്മാന് എം.പി. ജാക്സണ് തുടങ്ങി നിരവധി പൗരപ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

