മാലിന്യമുക്ത ഗ്രാമത്തിലേക്ക് ബൊകാഷിയുടെ ചുവടുവയ്പ്

ക്ലീന്‍ ഗ്രീന്‍ മുരിയാടിന്റെ ഭാഗമായി പഞ്ചായത്തിന്റെ ബൊകാഷി ബക്കറ്റ് വിതരണം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്ലീന്‍ ഗ്രീന്‍ മുരിയാടിന്റെ ഭാഗമായി മാലിന്യ മുക്ത ഗ്രാമത്തിലേക്ക് പുതിയ ചുവടുവയ്പായി മുരിയാട് പഞ്ചായത്തിന്റെ ബൊകാഷി ബക്കറ്റ് വിതരണം. പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കുക, മാലിന്യമുക്ത ഗ്രാമം സാക്ഷാത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ബൊക്കാഷി ബക്കറ്റ് എന്നത് ജൈവ മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ സംവിധാനമാണ്.
ബക്കറ്റില്‍ മാലിന്യങ്ങള്‍ ചേര്‍ക്കുന്നതിനൊപ്പം പ്രത്യേകമായ മൈക്രോഓര്ഗാനിസങ്ങള് അടങ്ങിയ ബൊക്കാഷി പൗഡര്‍ ചേര്‍ക്കുമ്പോള്‍ മാലിന്യം വേഗത്തില്‍ വിഘടിച്ച് പോഷകസമൃദ്ധമായ കമ്പോസ്റ്റായി മാറുന്നു. ബൊക്കാഷി പ്രക്രിയയിലൂടെ ഉണ്ടാകുന്ന കമ്പോസ്റ്റ് കൃഷിയിടങ്ങളിലും വീട്ടുതോട്ടങ്ങളിലും ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിക്കുകയും രാസവളങ്ങളുടെ ആവശ്യം കുറയുകയും ചെയ്യുന്നു. കൂടാതെ മാലിന്യങ്ങള്‍ കത്തിക്കുകയോ തുറന്നിടങ്ങളിലേക്ക് എറിയുകയോ ചെയ്യുന്ന രീതി ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നു.
വീടുകളിലെ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയവും ലളിതവുമായ മാര്‍ഗം ഒരുക്കുകയാണ് ബൊക്കാഷി പദ്ധതി. ബൊകാഷി ബക്കറ്റിന്റെ ഉപയോഗത്തെ കുറിച്ച് പ്രേത്യേക ബോധവത്ക്കരണ ക്ലാസും ഉണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, വാര്‍ഡ് മെമ്പര്‍മാരായ തോമാസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മണി സജയന്, വിഇഒ ഗീത എന്നിവര്‍ സംസാരിച്ചു. 2 10 വീടുകളിലേക്കാണ് 2850 രൂപ വിലവരുന്ന രണ്ട് ബൊക്കാഷി യൂണിറ്റ് പൗഡറുമടക്കം 285 രൂപക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്.