ജാഗ്രതൈ… സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു നല്‍കാനായുള്ള എംഡിഎംഎ യാണ് പോലീസ് പിടികൂടിയത്

ഫിറോസ്.
ലഹരിവലയില്‍ വിദ്യാര്‍ഥികള്‍
ഇന്നലെ എംഡിഎംഎയുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നഗരത്തിലെ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാണ് ഇത് കൊണ്ടുവന്നത്. തനിയെ വീടെടുത്ത് താമസിക്കുന്നതും രാത്രികളില്‍ കറങ്ങി നടക്കുന്നതുമായ വിദ്യാര്‍ഥികളാണ് ഇയാളുടെ പ്രധാന ഇരകള്‍. കോളജ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യാനുസരണം രാലസലഹരി എത്തിച്ചുകൊടുക്കുന്ന വിതരണശൃംഗലയിലെ പ്രധാന കണ്ണിയാണ് ഫിറോസ്. ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ ബന്ധപ്പെട്ടാല്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുകയാണ് ഇവരുടെ രീതി. കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങി ലഹരി ആവശ്യക്കാര്‍ക്ക് കൈമാറുന്നതിനായി കാത്തിരിക്കുമ്പോഴാണ് പ്രതി പോലീസിന്റെ പിടയിലാകുന്നത്. ഇയാളുടെ ഫോണിലെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
രാത്രികടകളില് ലഹരിക്കൂട്ടം
നഗരത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചായപീടികകള്‍ സജീവമാകുന്നത് ലഹരിക്കടിമകളായ യുവാക്കളെ ലക്ഷമിട്ട്.. രാത്രികളിലാണ് ഇത്തരം കടകളില്‍ കച്ചവടം കൂടുതല്‍. മദ്യ ലഹരിയിലും മറ്റ് ലഹരിയിലും എത്തുന്ന സംഘങ്ങള്‍ ഇത്തരം കടകള്‍ക്കു സമീപം തമ്പടിക്കുന്നുണ്ട്. ലഹരികൈമാറ്റം നടത്തുന്നതും ഇത്തരം കടകളെ മറയാക്കിയാണ്. കുറച്ചു നാള് മുമ്പേ ആല്‍ത്തറക്കു സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ രാത്രിയില്‍ പോലീസെത്തി ഇത്തരം സംഘങ്ങളെ അടിച്ചോടിച്ചിരുന്നു. രാത്രി ഏട്ടുമണി കഴിഞ്ഞാല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ കൂരിരുട്ടാണ്.
രാത്രിയായാല്‍ ബസ്റ്റാന്റിനുള്ളിലും പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലും ലഹരിമാഫിയ സംഘങ്ങളുടെയും അനാശാസ്യ സംഘങ്ങളുടെയും വിഹാരമാണ്. കാട് പിടിച്ചു കിടക്കുകയാണ് പഴയ താലൂക്ക് ഓഫീസ് കെട്ടിടം. ജന്മദിനം തുടങ്ങിയ ആഘോഷങ്ങളും വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടികളും പലതും നടക്കുന്നതും ഇത്തരം സ്ഥലങ്ങളിലാണെന്നതും ആശങ്ക വര്ധിപ്പിക്കുണ്ട്. പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആവശ്യം.
ഹോം സ്റ്റേകളെ നിരീക്ഷിക്കണം
വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് വാടകക്ക് വീട് എടുത്ത് താമസിക്കുന്നയിടങ്ങള്‍ പലതും ലഹരി കേന്ദ്രങ്ങളാകുന്നു. കുറച്ചു നാള് മുമ്പ് ഇത്തരം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുകളുടെ പാക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. രാത്രിസമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വന്നു കയറി വരാം എന്നുള്ളതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകത.
ലഹരിയുടെ ഉപയോഗം അതിരു കടന്നതോടെ ഞവരികുളത്തില്‍ രാത്രി ഒരു മണിക്കാണ് പെണ്‍കുട്ടികളടങ്ങുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ പോലീസ് ഇവരോട് കുളത്തില്‍ നിന്നും കയറുവാന്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ കുളത്തില്‍ കുളിക്കരുതെന്ന് നിയമമുണ്ടോ എന്നായിരുന്നു ഇവരുടെ മറുപടി. മുനിസിപ്പല്‍ മൈതാനത്തും പാര്‍ക്കിലും ഇത്തരക്കാരുടെ ശല്യം ഏറെയാണെന്ന് പരാതി ഉയര്‍ന്നീട്ടുണ്ട്.
നഗരത്തില്‍ വന്‍ലഹരി വേട്ട
എംഡിഎംഎ യുമായി മലപ്പുറം പൊന്നാനി സ്വദേശി പോലീസ് പിടിയില്‍;
പിടിച്ചെടുത്തത് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന 108 ഗ്രാം എംഡിഎംഎ
അറസ്റ്റിലായത് എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി
ഇരിങ്ങാലക്കുട: മാരക ലഹരിയായ എംഡിഎംഎയുമായി പൊന്നാനി സ്വദേശി ഇരിങ്ങാലക്കുടയില്‍ പിടിയില്‍. 108 ഗ്രാം എംഡിഎഎയുമായി മലപ്പുറം പൊന്നാനി സ്വദേശി പൊടി ഫിറോസ് എന്നറിയപ്പെടുന്ന മോയന്റകത്ത് വീട്ടില്‍ ഫിറോസ് (39) ആണ് പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പുലര്‍ച്ചെയാണ് പ്രതിയെ വിതരണത്തിനായുള്ള ലഹരിയുമായി പോലീസ് പിടികൂടുന്നത്. തൃശൂര്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട റൂറല്‍ പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. കോയമ്പത്തൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലാണ് പ്രതി വന്നിറങ്ങിയത്.
ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ സ്ഥലത്ത് ഉണ്ടായിരുന്നു. പത്ത് ലക്ഷത്തോളം രൂപ പിടിച്ചെടുത്ത മയക്കുമരുന്നിന് വില വരും. ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഫിറോസ്. 2023 ല്‍ പൊന്നാനിയില്‍ മയക്കുമരുന്ന് കച്ചവടം ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ഒരു യുവാവിനെ ഗോള്‍ഫ് സ്റ്റിക്ക്, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2024ല്‍ ഫിറോസും കൂട്ടാളികളും ഹുണ്ടായ് ക്രെറ്റ കാറില്‍ മയക്ക് മരുന്ന് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചത് പ്രകാരം വാഹന പരിശോധന നടത്തുകയായിരുന്ന പൊന്നാനി എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഫിറോസ്.
ഈ കേസുകളില്‍ പോലീസിന് പിടികൊടുക്കാതെ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി ഒളിച്ചു കഴിയുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് മലപ്പുറം സ്വദേശിയായ ഒരാള്‍ മാരക മയക്കുമരുന്നുകള്‍ വില്ക്കാന് ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരം ആറ് മാസം മുമ്പ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡാന്‍സാഫ് സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ആറ് മാസമായി ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് വന്ന ഡാന്‍സാഫ് സംഘം. കോണത്തുകുന്നിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുള്ള ഫറോസ് ഇരിങ്ങാലക്കുടയില്‍ വരുന്നതായുള്ള കൃത്യമായ വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന് ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഫിറോസിനെ പിടികൂടുന്നതിനായി ശക്തമായ പരിശോധനകള്‍ നടത്തിവരുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് കൈവശമുണ്ടായിരുന്ന 108.330 ഗ്രാം എംഡിഎംഎയുമായി ഫിറോസിനെ അറസ്റ്റ് ചെയ്തത്.
പോലീസ് സംഘത്തില്‍ കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, അന്തിക്കാട് എസ്ഐ എം. അഫ്സല്, ഇരിങ്ങാലക്കുട അഡീഷണല്‍ എസ്ഐ മുഹമ്മദ് ബാഷി, ഇരിങ്ങാലക്കുട സീനിയര്‍ സിപിഓ രഞ്ജിത്ത്, സിപിഓ സബിത്ത് സാബു, സി.എസ്. സുനില്‍കുമാര്‍, തൃശൂര്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ സി.ആര്. പ്രദീപ്, പി.പി. ജയകൃഷ്ണന്, സതീശന് മണപ്പാട്ടില്‍, ടി.ആര്. ഷൈന്‍, പി.എം. മൂസ, ഐ.ആര്. ലിജു, സൂരജ് വി. ദേവ്, എ.യു. റെജി, എം.ജെ. ബിനു, സി.കെ. ബിജു, ഷിജോ തോമസ്, എം.വി. ശ്രീജിത്ത്, സൂരജ് സാഗര്‍ എന്നിവരാണ് മൂന്ന് വാഹനങ്ങളിലായി എത്തിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
