സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജന് നല്കി പണം തട്ടിയ കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി

പജീഷ്.
കാട്ടൂര്‍: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജന് നല്കി 15,000 രൂപ തട്ടിയ കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയായ ഇയ്യാല്‍ സ്വദേശി മാങ്കുന്നത്ത് വീട്ടില്‍ പജീഷ് (40) നെയാണ് കാട്ടൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. കാട്ടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനിലുള്ള കാട്ടൂര്‍ പൊഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ വീട്ടില്‍ തേജസ് (43) ന്റെ ലോട്ടറി കടയില്‍ വന്ന പ്രതി 5000 രൂപയുടെ സമ്മാനമുള്ള മൂന്ന് ലോട്ടറി ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സമ്മാനാര്‍ഹമായ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്കി 15,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
സമ്മാനാര്‍ഹമായ ലോട്ടറി മാറുന്നതിനായി ഏജന്‍സിയിലും ഇരിങ്ങാലക്കുട ലോട്ടറി ഓഫീസിലും ചെന്നപ്പോഴാണ് വ്യാജ ലോട്ടറിയാണെന്നും താന്‍ തട്ടിപ്പിനിരയായെന്നും തേജസിന് മനസിലായത്. തുടര്‍ന്ന് പരാതി നല്‍കിയത് പ്രകാരം കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ കേസില്‍ അന്വേഷണം നടത്തി വരവെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ ലോട്ടറി കടയില്‍ സമാനമായ രീതിയില്‍ 5000 രൂപയുടെ തട്ടിപ്പ് നടത്തിയതിന് പജീഷ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി തൃശൂര്‍ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കാട്ടൂരില്‍ തട്ടിപ്പ് നടത്തിയതും പജീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ കേസിലേക്ക് കോടതിയുടെ അനുമതിയോടെ പജീഷിനെ ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചത്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജു, സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ്ജ്, ജിഎസ് സിപിഒ ധനേഷ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.