കോവിഡ് വ്യാപനം: നടപടി കടുപ്പിക്കും
നഗരസഭ, പോലീസ്, ആരോഗ്യവകുപ്പ് അധികൃതര്‍ യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ക്കശമാക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയും പോലീസും തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാഗിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവിഭാഗത്തിന്റെയും പോലീസിന്റെയും ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. നഗരസഭ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിനേഷന് ഊര്‍ജിതമാക്കാനും ഇതിനായി വാര്‍ഡുകള്‍ തോറും ക്യാമ്പുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വ്യാപനം തടയാനുള്ള പ്രയ്തനങ്ങളും പ്രവര്‍ത്തനങ്ങളുമാണു ആരോഗ്യവിഭാഗം നടത്തുന്നതെന്നും ഇതിനു എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി നഗരസഭ പ്രദേശത്ത് മൈക്ക് അനൗണ്‍സ്മെന്റ് ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ക്യാമ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിന്റെ ലഭ്യതയനുസരിച്ച് മാത്രമേ അത് ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നു ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ വ്യക്തമാക്കി. ഇപ്പോള്‍ വാക്സിന് ലഭ്യത കുറവുണ്ട്. അതിനാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മുന്‍ഗണനാക്രമത്തില്‍ വാക്സിനേഷന് നല്കി കൊണ്ടിരിക്കുകയാണെന്നു ഡോക്ടര്‍ വ്യക്തമാക്കി. ആളുകള്‍ കോവിഡ് ടെസ്റ്റിനു തയാറാകുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. കൂടെയുള്ള എല്ലാവര്ക്കും കിട്ടിയശേഷമാണ് ടെസ്റ്റിനു തയാറാകുന്നത്. പലരും മരണശേഷമാണ് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിക്കുന്നത്. ഇത് പ്രതിസന്ധിയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ കോവിഡ് ടെസ്റ്റിങ്ങിനു ആളുകളെ സമാഹരിക്കണം. ഏതെങ്കിലും വീടുകളിലോ, സ്ഥാപനങ്ങളിലോ ആരെങ്കിലും പോസിറ്റീവായിട്ടുണ്ടെങ്കില്‍ അവിടുത്തെ മുഴുവന്‍ പേരെയും ടെസ്റ്റ് നടത്താനും യോഗം തീരുമാനിച്ചു. ആഘോഷങ്ങള്‍ കഴിയുന്നതോടെ കോവിഡ് കേസുകളില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച 15 പേരെ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം പേവാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ നല്കുന്നതിനു ഐസിയുവില്‍ ആറു കിടക്കകളും തയാറാക്കിയിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. മാസ്ക് ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ് സിഐ അനീഷ് കരീം പറഞ്ഞു. മാസ്ക് ധരിക്കാത്തവര്‍ക്കെതിരേ പിഴ ഈടാക്കുമെന്നും പോലീസിന്റേയും ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡിലും ഷോപ്പിംഗ് മാളുകളിലും കടകളിലും മുന്നറിയിപ്പ് പോസ്റ്ററുകള്‍ സ്ഥാപിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുമെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.