മഹാമാരികാലത്ത്…… സാന്ത്വനത്തിനായി…. നാടൊന്നിച്ച്……
കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്തിന് കോവിഡ് പ്രതിരോധ ഉപകരണങ്ങളായ ഫുമിഗേറ്റര് മെഷീന്, പിപിഇ കിറ്റ്, പള്‍സ് ഓക്സിമീറ്റര്‍ എന്നിവ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയ്ക്കു ഉപകരണങ്ങള്‍ കൈമാറി. ബ്ലോക്ക് മെമ്പര്‍മാരായ ഷീജ ശിവന്, വിപിന്‍ വിനോദന്‍, മിനി വരിക്കശേരി, കവിത സുനില്‍, കാര്‍ത്തിക ജയന് എന്നിവര്‍ സന്നിഹിതരായി.
പ്രതിരോധ സാമഗ്രികള്‍ നല്കി
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സേവ ഇന്റര്‍നാഷണല്‍ സേവാഭാരതിയുടെ കേരളത്തിലേക്കു അനുവദിച്ച 50 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വിവിധ ജില്ലകളില്‍ എത്തിച്ചു. തൃശൂര്‍ ജില്ലക്ക് ലഭിച്ചവ സേവാഭാരതി ഇരിങ്ങാലക്കുട ഓഫീസില്‍ ജില്ലാ സെക്രട്ടറി പി. ഹരിദാസ്, സംഘടന സെക്രട്ടറി പി.എം. രാമപ്രസാദ്, മുരളി കല്ലിക്കാട്ട്, വിജയന് പാറേക്കാട്ട് എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.
പ്രതിരോധ സാമഗ്രികള്‍ കൈമാറി
ഇരിങ്ങാലക്കുട: എംഎല്‍എയുടെ കോവിഡ് ഹെല്‍പ്പ് ലൈന്‍ സെന്ററിലേക്കു ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പുത്തന്‍ചിറ കരുണ ഹ്യൂമണ്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രതിരോധ സാമഗ്രികള്‍ കൈമാറി. പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ ഉള്‍പ്പെടെ 50,000 രൂപയുടെ പ്രതിരോധ സാമഗ്രികളാണു ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ആര്. ബിന്ദു ഏറ്റുവാങ്ങിയത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, കരുണ ചെയര്മാന് സാലി സജീര്‍, സിപിഎം മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ്, കരുണ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ. റാഫി, സി.എം. റിയാസ് എന്നിവര്‍ സന്നിഹിതരായി.
ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് സംഭാവന നല്കി
പടിയൂര്‍: ഗ്രാമപഞ്ചായത്തിന്റെ കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററിന്റെ നടത്തിപ്പിനുള്ള ധന ശേഖരണാര്‍ഥം കാക്കാത്തുരുത്തി സീഷോര്‍ ഫാം ആന്‍ഡ് നഴ്സറി രണ്ടു ലക്ഷം രൂപ നല്കി. രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവനു ഫാം മാനേജര്‍ ഷിബി ആലേക്കാരന് ചെക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എസ്. ജയശ്രീ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാര്‍, ഡിസിസി ചാര്‍ജ് എന്‍ജിനീയര്‍ ബിന്ദു, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. സുബീഷ് എന്നിവര്‍ സന്നിഹിതരായി.
വെള്ളാങ്കല്ലൂരില്‍ നൈപുണ്യ കര്‍മസേനയും
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ മുന്നൂറോളം വീടുകള്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ഇത്തരം വീടുകളിലെ അവശ്യം വേണ്ട റിപ്പയര്‍ ജോലികള്‍ക്കായി പഞ്ചായത്തില്‍ നൈപുണ്യ കര്‍മസേന രൂപവത്കരിച്ചു. ഇലക്ട്രീഷ്യന്, പ്ലംബര്‍, ഫിറ്റര്‍, കാര്‍പെന്റര്‍, മെക്കാനിക് എന്നിവരുള്‍പ്പെടെ 25 പേരുടെ സംഘമാണ് രൂപവ്തകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജിയോ ഡേവിസ് എന്നിവര്‍ പറഞ്ഞു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുള്ള കോവിഡ് കണ്ട്രോള് സെല്ലില്‍ നിന്നുതന്നെ ഈ സേവനവും ലഭ്യമാകും.
ഭക്ഷ്യകിറ്റുകള്‍ നല്കി
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ക്കും മറ്റ് അവശത അനുഭവിക്കുന്നവര്‍ക്കും സേവാഭാരതിയുടെ സഹായത്തോടെ ബിജെപി 450 രൂപ വില വരുന്ന 250 കിറ്റുകള്‍ വിതരണം ചെയ്തു. മരുന്നുകളും വിതരണം ചെയ്തു. എടക്കുളത്ത് ബിജെപി സേവനകേന്ദ്രം ആരംഭിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിദാസ് മാടശേരി, വിപിന്‍ പാറമേക്കാട്ടില്‍, സേതുരാമന് കരുമാന്ത്ര, ഉണ്ണി പൂമംഗലം, സുനില്‍കുമാര്‍ പട്ടിലപ്പുറം, പി. പരമേശ്വരന് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ആര്‍ടി അവലോകനയോഗം
മുരിയാട്: ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുതല സന്നദ്ധപ്രവര്‍ത്തകരുടെ പഞ്ചായത്തുതല അവലോകനം ഓണ്‍ലൈനായി നടത്തി. 112 സന്നദ്ധപ്രവര്‍ത്തകരില്‍ 98 പേര് പങ്കെടുത്തു. ഇതുവരെ ഏഴായിരത്തിലേറെ വ്യക്തികള്‍ക്കു സന്നദ്ധസേനയുടെ സേവനം ലഭ്യമാക്കി. ‘വീട്ടിലും വീഴ്ചയരുത്’ എന്ന പ്രചാരണത്തിന്റെ ഭാഗമായി മൂവായിരത്തോളം വീടുകളിലേക്ക് ടെലി കാമ്പയിന് സംഘടിപ്പിച്ചതായി യോഗം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, നോഡല്‍ ഓഫീസര്‍ പി.ആര്. ലൗലി, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, ജെഎച്ച്ഐ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
സാമ്പത്തിക സഹായം നല്‍കണം
ഇരിങ്ങാലക്കുട: കോവിഡ് മൂലം മരിച്ച നിര്‍ധനരുടെ കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കണമെന്നും അവരുടെ ഭവന-വിവാഹ വായ്പകള്‍ എഴുതി തള്ളണമെന്നും ലോക്താന്ത്രിക് ജനതാദള്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ഷാജന് മഞ്ഞളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എന്‍.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഐ.പി. കുട്ടന്, എം.കെ. കൃഷ്ണന്, ഐ.എസ്. ശശി, ഐബീസ് കുന്നികുരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ആര്‍ടി: ബിജെപി പ്രവര്‍ത്തകരെ ഒഴിവാക്കുന്നെന്ന് പരാതി
അരിപ്പാലം: പൂമംഗലം പഞ്ചായത്തിലെ സന്നദ്ധ സേനയിലേക്കു രജിസ്റ്റര്‍ ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ക്കു മാത്രം പല വാര്‍ഡ് സമിതികളിലും ആര്‍ആര്‍ടി കാര്‍ഡുകള്‍ നല്‍കുന്നില്ലെന്നു പരാതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സിപിഎം ഭരണസമിതി വിവേചനം കാണിക്കുന്നതായി ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് പൂമംഗലം പഞ്ചായത്തില്‍ കോവിഡ് രോഗികളും മരണ റിപ്പോര്‍ട്ടും ഉയരുന്നത് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് കാണിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കെ. സജീവ്കുമാറിന്റെ അധ്യക്ഷത വഹിച്ചു. ഒ.എസ്. ജിതേന്ദ്രന്, പി. പരമേശ്വരന് എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യസഭ സെന്റ് ജോസഫ്സ് കോളജിലെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയുടെ കോവിഡ് പ്രതിരോധ സംരംഭമായ ആരോഗ്യസഭ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടണോമസ് കോളജിന്റെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 41 വാര്‍ഡുകളിലായി നടക്കുന്ന ബോധവത്കരണ ക്ലാസുകളില്‍ പതിനാലിലും സെന്റ് ജോസഫ്സ് കോളജിലെ അധ്യാപകരാണു നേതൃത്വം നല്‍കുന്നത്. മാത്രമല്ല, ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ ഇതേ കോളജിലെ 25 ഓളം അധ്യാപക അനധ്യാപകര്‍ സേവനം ചെയ്യുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് തിരക്കിലായതുകൊണ്ടാണു ബോധവത്കരണ യജ്ഞം സന്നദ്ധരായ അധ്യാപകരെ ഏല്പിച്ചത്. ഇരിങ്ങാലക്കുട ഗവ. ആശുപത്രിയിലെ ഡോ. ഉമാദേവി നല്കിയ ക്ലാസിനെ അധികരിച്ചാണു അധ്യാപകര്‍ ക്ലാസ് നയിക്കുന്നത്. മികച്ച പിന്തുണയുമായി ചെയര്‍പേഴ്സണ്‍ സോണിയഗിരി, സെക്രട്ടറി മുഹമ്മദ് അനസ്, നോഡല്‍ ഓഫീസര്‍മാരായ റെജി തോമസ്, പി.എ. സജീഷ് എന്നിവരും ഒപ്പം ഉണ്ട്. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ അങ്കണവാടി ടീച്ചര്മാര്, ആര്‍ആര്‍ടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരാണ് ക്ലാസുകളുടെ ഏകോപനം നടത്തുന്നത്. നാടിന്റെ അതിജീവന പോരാട്ടത്തില്‍ ഒപ്പം നില്ക്കാന് തങ്ങളെ കൊണ്ടാവുന്നതു പോലെ ശ്രമിക്കുകയാണെന്നു കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് പറഞ്ഞു.
ആശ്രയ 2021 ന് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: ടെലി മെഡിസിന് സേവനത്തിന് തുടക്കം കുറിച്ചു. കോവിഡ് 19 രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍, കണ്ടൈയ്ന്‍മെന്റ് സോണ്‍ എന്നിങ്ങനെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും മറ്റുസാഹചര്യങ്ങളാലും ആശുപത്രികളിലേക്കു എത്തിപ്പെടുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഒരു പ്രാഥമികമായ വൈദ്യസഹായം ടെലിഫോണ്‍ വഴി അടിയന്തിരമായും സൗജന്യമായും നല്‍കുന്നതിനായാണ് ടെലി മെഡിസിന് സേവനത്തിന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് തുടക്കം കുറിച്ചത്. വിദഗ്ധരായ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഡോക്ടമാര്‍ നല്കുന്ന സൗജന്യ സേവനം ‘ആശ്രയ 2021’ ഉന്നത വിദ്യാഭ്യാസ-സാമൂഹൃ നീതി വകുപ്പ് മന്ത്രി പ്രഫ. ആര്. ബിന്ദു ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുബ്രമണ്യന്‍, സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
ഓക്സിമീറ്ററുകള്‍ നല്കി
കോണത്തുകുന്ന്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലേക്കു വിവിധ സംഘടനകളും സ്ഥാപനങ്ങളും പള്‍സ് ഓക്സിമീറ്ററുകള്‍ നല്കി. വെള്ളാങ്കല്ലൂര്‍ സര്‍വീസ് സഹകരണ സംഘം ജീവനക്കാര്‍ നല്കിയ പള്‍സ് ഓക്സിമീറ്ററുകള്‍ ബാങ്ക് പ്രസിഡന്റ് ജോസ്, ഷാജി നക്കര, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിനു കൈമാറി. കോണത്തുകുന്ന് ഗവ. യുപി സ്കൂളിലെ അധ്യാപകര്‍ നല്കിയ പള്‍സ് ഓക്സിമീറ്ററുകള്‍ ഹെഡ്മിസ്ട്രസ് ടി.എ. ബിന്‍സി, അധ്യാപകരായ വിദ്യ, ഷക്കീന എന്നിവര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.
കോവിഡ് സെല്‍ പ്രവര്‍ത്തനം തുടങ്ങി
കോണത്തുകുന്ന്: കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റി 21 വാര്‍ഡുകളിലും കോവിഡ് സെല്‍ ആരംഭിച്ചു. കോവിഡ് ബാധിച്ചവര്‍, നിരീക്ഷണത്തില്‍ തുടരുന്നവര്‍ എന്നിവര്‍ക്ക് ഭക്ഷണം, മരുന്ന്, അവശ്യസാധനങ്ങള്‍ എന്നിവ എത്തിച്ചു നല്കല്, ആംബുലന്‍സ് സേവനം, സൗജന്യ വാക്സിന് രജിസ്ട്രേഷന് എന്നീ സേവനങ്ങളാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എ.ആര്. രാമദാസുമായി ബന്ധപ്പെടണമെന്നു മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അറിയിച്ചു. ഫോണ്‍: 9645433102.
ഡൊമിസിലിയറി കെയര്‍ സെന്ററിനു സഹായം
പടിയൂര്‍: ഗ്രാമപഞ്ചായത്തിന്റെ ഡൊമിസിലിയറി കെയര്‍ സെന്ററിന്റെ നടത്തിപ്പിനു എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് സഹായം നല്കി. ആദ്യ ഗഡു 25,000 രൂപ ബാങ്ക് പ്രസിഡന്റ് ഇ.വി. ബാബുരാജനില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, വാര്‍ഡ് അംഗം വി.ടി. ബിനോയ് എന്നിവര്‍ ഏറ്റുവാങ്ങി. ബാങ്ക് മുന്‍ പ്രസിഡന്റ് പി. മണി, സെക്രട്ടറി ഇന്‍ചാര്‍ജ് കെ.കെ. ബിജു എന്നിവര്‍ സന്നിഹിതരായി.