രാമകൃഷ്ണന് (84) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍ അനധ്യാപക വിഭാഗത്തില്‍ വര്‍ഷങ്ങളായി സേവനം ചെയ്തുവന്ന തൃശൂര്‍ കാരിക്കത്ത് ലൈന്‍ ‘ രാജശ്രീ വീട്ടില്‍ രാമകൃഷ്ണന് (84) നിര്യാതനായി. തഹൃദയാഘാതമായിരുന്നു മരണകാരണം. കോളേജിന്റെ തുടക്ക കാലത്തുതന്നെ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിച്ച അദ്ദേഹം റിട്ടയര്‍മെന്റിനു ശേഷവും ഇരുപത്തിയെട്ട് വര്‍ഷത്തോളം കോളേജില്‍ തന്റെ സേവനം തുടര്‍ന്നു. കേവലം ധനസമ്പാദനമോ ലാഭേച്ഛയോ അല്ല, മറിച്ച് താന്‍ സേവനം ചെയ്ത കലാലയത്തോടുള്ള പ്രതിബദ്ധതയാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്. കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന കോ ഓപ്പറേറ്റീവ് സ്റ്റോറിന്റെ ചുമതലകാരനായാണ് രാമകൃഷ്ണേട്ടന് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ലൈബ്രറിയുടെ ചുമതലയും അതിനു ശേഷം അക്കൗണ്ടിംഗ് വിഭാഗത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. കേരളത്തില്‍ അറിയപ്പെട്ട ഒരു ചമയകലാകാരന്‍ കൂടിയാണ് രാമകൃഷ്ണേട്ടന്റെ വിയോഗത്തോടുകൂടി ഇല്ലാതാകുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളോടൊപ്പം ചമയ കലയിലുള്ള തന്റെ നൈപുണ്യം പ്രകടിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അനേക വര്‍ഷങ്ങളോളം ക്രൈസ്റ്റിന്റെ കലാമേളകള്‍ക്കും യൂണിവേഴ്സിറ്റി മത്സരങ്ങള്‍ക്കും നിറച്ചാര്‍ത്തേകിയത് രാമകൃഷ്ണേട്ടന്റെ ചമയമാണ്. നിരവധി രാത്രികളില്‍ തങ്ങളോടൊപ്പം ഉറങ്ങാതെ തങ്ങള്‍ക്കുവേണ്ട ചമയങ്ങള്‍ ഒരുക്കിയ രാമകൃഷ്ണേട്ടനെ പൂര്‍വവിദ്യാര്‍ഥികള്‍ അനുസ്മരിക്കുന്നു. ക്രൈസ്റ്റ് കോളേജിന്റെ കലാവിജയങ്ങളില് ഒഴിച്ചുകൂടാനാവാത്ത ഒരു പങ്ക് അദ്ദേഹത്തിന്റെ ചമയങ്ങള്ക്കുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സുഹൃത്തും പ്രചോദനവുമായിരുന്നു രാമകൃഷ്ണേട്ടന്. കോളേജില്‍നിന്നും പഠിച്ചിറങ്ങി വര്‍ഷങ്ങള്‍ക്കുശേഷം മാതൃകലാലയത്തെ തേടിവരുന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രിയ അധ്യാപകരോടൊപ്പം അന്വേഷിച്ചിരുന്ന ഒരു പേരായിരുന്നു രാമകൃഷ്ണേട്ടന്റേത്. എണ്‍പതിനാലാം വയസിലും തന്റെ കര്‍ത്തവ്യങ്ങളില്‍ കൃത്യത പുലര്‍ത്തിയ രാമകൃഷ്ണേട്ടന് കണ്ടുമുട്ടുന്നവര്‍ക്കൊക്കെ ഒരു പ്രചോദനവുമായിരുന്നു. അദ്ദേഹത്തിലൂടെ ഒരു യുഗം അവസാനിച്ചുവെങ്കിലും നര എത്തിനോക്കിയിട്ടില്ലാത്ത പാറിപ്പറന്ന തലമുടിയും സദാ നെറ്റിയിലണിഞ്ഞിരുന്ന ചന്ദനകുറിയും ചെവിക്കിടയില്‍ തിരുകിവച്ചിരിക്കുന്ന തെച്ചിപ്പൂക്കളും തമ്മില്‍ കാണുമ്പോള്‍ മുഖത്തുവിരിയുന്ന പുഞ്ചിരിയും അനേകരുടെ ഹൃദയത്തില്‍ അവശേഷിപ്പിച്ചിട്ടാണ് രാമകൃഷ്ണേട്ടന് യാത്രയാകുന്നത്. സംസ്കാരം നടത്തി ഭാര്യ -ജയ. മക്കള്‍- ജയറാം, ജയശ്രീ, മരുമക്കള്‍ – ശാന്തിനി, ശശീന്ദ്രന്