മുരിയാട് പഞ്ചായത്തില്‍ കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന ഹരിതകര്‍മസേന പുനരാരംഭിച്ചു
മുരിയാട്: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം മുരിയാട് ഗ്രാമപഞ്ചായത്തില്‍ പുനരാരംഭിച്ചു. ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായാണു നവീകരിച്ച ഹരിതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മസേന അംഗങ്ങള്‍ക്കുള്ള യൂണിഫോം, ബാഡ്ജ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ പഞ്ചായത്ത് വിതരണം ചെയ്തു. നിലവില്‍ ശേഖരിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വേര്‍തിരിവ് ഒരു യൂണിറ്റും മറ്റൊരു യൂണിറ്റ് ഗൃഹ സന്ദര്‍ശനവും ആരംഭിക്കും. ഒപ്പംതന്നെ ക്ലീന്‍ മുരിയാടിനു വേണ്ടി പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ പ്രസിദ്ധീകരിക്കുന്ന കാര്യം പഞ്ചായത്തിന്റെ സജീവ പരിഗണനയിലുണ്ട്. നവീകരിച്ച ഹരിത കര്‍മസേനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. വിജയന്, രതി ഗോപി, മെമ്പര്‍മാരായ സുനില്‍കുമാര്‍, മണി സജയന്, പഞ്ചായത്ത് സെക്രട്ടറി പി. പ്രജീഷ്, ഗ്രാമസേവകന് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.