ജനിച്ചതും പഠിച്ചതും ഒരുമിച്ച്; പരീക്ഷാ ഫലത്തിലും ഈ മൂവര്‍ സംഘം ഒരുമ കാത്തു
ഇരിങ്ങാലക്കുട: ഒരുമിച്ചു പിറന്നവര്‍ പ്ലസ്ടു വിജയത്തിലും ഒരുമ കാത്തു. ഗായത്രി തേജസ് മേനോന്, ഗോപിക തേജസ് മേനോന്, ഗോകുല്‍ തേജസ് മേനോന് എന്നീ മൂവര്‍ സംഘമാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി അവിട്ടത്തൂര്‍ ഗ്രാമത്തിന്റെ അഭിമാനമായി മാറിയത്. അവിട്ടത്തൂര്‍ സ്വദേശി അഡ്വ. തേജസ് പുരുഷോത്തമന്റെയും രമ കെ. മേനോന്റെയും കടിഞ്ഞൂല്‍ പ്രസവത്തില്‍ പിറന്ന കണ്മണികളാണിവര്.
2003 ജനുവരി 14 നായിരുന്നു ഇവരുടെ ജനനം. നഴ്സറി മുതല്‍ 10-ാം ക്ലാസ് വരെ ഇവര്‍ മൂവരും ഒരേ ക്ലാസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്. നാലാം ക്ലാസുവരെ അവിട്ടത്തൂര്‍ ഹോളിഫാമിലി എല്‍പി സ്കൂളിലും 10-ാം ക്ലാസുവരെ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്കൂളിലുമായിരുന്നു പഠനം. ഗായത്രി തേജസ് മേനോന്, ഗോപിക തേജസ് മേനോന് എന്നിവര്‍ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്കൂളില്‍ നിന്നും ഗോകുല്‍ തേജസ് മേനോന് നാഷണല്‍ സ്കൂളില്‍ നിന്നുമാണു പ്ലസ് ടു പഠനം പൂര്‍ത്തീകരിച്ചത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ് അഡ്വ. തേജസ് പുരുഷോത്തമന്. അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂളിലെ അധ്യാപികയാണ് മാതാവ് രമ. ഇന്നലെ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മുതല്‍ നാട്ടുക്കാരുടെയും സ്കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും അഭിനന്ദന പ്രവാഹമായിരുന്നു ഇവരുടെ വീട്ടിലേക്ക്. പഠനത്തിലെന്ന പോലെ ശാസ്ത്ര രംഗത്തും കലാരംഗത്തും മിടുക്കരാണിവര്‍. ഗോകുല്‍ ക്വിസ് മല്‍സരത്തില്‍ സംസ്ഥാനതലം വരെയുള്ള മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രസംഗത്തിലും ഉപന്യാസ രചനയിലും മികവു തെളിയിച്ചിട്ടുണ്ട്. ഗായത്രിയും ഗോപികയും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗൈഡ്സിന്റെ രാജ്യ പുരസ്കാരം നേടിയിട്ടുണ്ട്. കഥാപ്രസംഗത്തിലും സാമൂഹ്യപാഠം പ്രവര്‍ത്തി പരിചയമേളയിലും ഗോപിക മികവു തെളിയിച്ചിട്ടുണ്ട്. ഗായത്രി ചിത്രരചന, ഉപന്യാസ മല്‍സരങ്ങളില്‍ മികവു തെളിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപരി പഠനത്തിനു വ്യത്യസ്ത മേഖലകളിലേക്കാണ് താത്പര്യം. ഗോകുലിനും ഗോപികയ്ക്കും പിതാവിന്റെ പാതയില്‍ വക്കീലാവാനാണ് മോഹം. ഗായത്രിക്ക് കൊമേഴ്സ് എടുത്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകുവാനാണ് മോഹം.