കെട്ടിടത്തില്‍ ഗ്യാസ് ഗോഡൗണ്‍ സുരക്ഷിതമല്ലെന്ന് അധികൃതരുടെ റിപ്പോര്‍ട്ട്
നീതി ഗ്യാസിന്റെ ഏജന്‍സി നിറുത്തലാക്കാന്‍ തീരുമാനമെടുത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതര്‍
ഇരിങ്ങാലക്കുട: സ്ഫോടനം നടന്ന ചായക്കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമല്ലെന്നു താലൂക്ക് സപ്ലൈ വകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് മുകുന്ദപുരം താലൂക്ക് ഓഫീസ് അധികൃതര്‍ നേരിട്ടു നടത്തിയ പരിശോധനക്കു ശേഷമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ക്കു നല്‍കിയിരിക്കുന്നത്. ജനവാസകേന്ദ്രത്തില്‍ ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് അപകട ഭീഷണിയാണെന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെട്ടിടത്തില്‍ 1998 മുതല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നീതി ഗ്യാസിന്റെ ഏജന്‍സിയാണ് സൊസൈറ്റി തന്നെ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നത്. അപകടസമയത്ത് 17 ഫുള്‍ സിലിണ്ടറുകളും 64 കാലി സിലിണ്ടറുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ രാത്രി തന്നെ ഫുള്സിലിണ്ടറുകള് ഇവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു. കൊഴിഞ്ഞാമ്പാറയിലുള്ള നീതി ഗ്യാസ് പ്ലാന്റില്‍ നിന്നാണ് സിലിണ്ടറുകള്‍ ഇവിടെ എത്തിക്കുന്നത്. ചായക്കടയിലെ സ്ഫോടനം കടയില്‍ ഉണ്ടായിരുന്ന സിലിണ്ടറില്‍ നിന്നുള്ള ലീക്കിനെ തുടര്‍ന്നാണെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ചായക്കടയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഗോഡൗണിനെക്കുറിച്ചും ഏറെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഫെഡറേഷന്റെ എജന്‍സി ലഭിക്കുന്ന സമയത്ത് ഗോഡൗണ്‍ സംബന്ധിച്ച് നിബന്ധനകള്‍ ഉണ്ടായിരുന്നില്ലെന്നും ഗ്യാസ് ക്ഷാമം ഉണ്ടായിരുന്ന 90 കളിലെ സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും പ്രതിമാസം 10 മുതല്‍ 15 സിലണ്ടറുകള്‍ മാത്രമേ ഇപ്പോള്‍ വിറ്റ് പോകാറുള്ളൂവെന്നും പുതിയ സാഹചര്യത്തില്‍ നീതി ഗ്യാസിന്റെ ഏജന്‍സി നിറുത്തലാക്കാന്‍ സൊസൈറ്റിയുടെ അടിയന്തര ബോര്‍ഡ് യോഗം തീരുമാനിച്ചു. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാന്‍ നഗരസഭ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്.