കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ എ.പി. ജോര്‍ജ് വിരമിക്കുന്നു
ഇരിങ്ങാലക്കുട: കെഎസ്ഇ കമ്പനിയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച എ.പി. ജോര്‍ജ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും 30 നു വിരമിക്കുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അഡ്വ. എ.പി. ജോര്‍ജ് കമ്പനിയുടെ സുഗമമായ നടത്തിപ്പിനു ചുക്കാന്‍ പിടിച്ച് ഏറ്റവും ഒടുവിലായി വിരമിക്കുന്ന സ്ഥാപക ഡയറക്ടര്‍മാരിലൊരാളാണ്. 1994 മുതല്‍ കമ്പനിയുടെ ഡയറക്ടര്‍ ആന്‍ഡ് ലീഗല്‍ അഡൈ്വസറായും 2015 മുതല്‍ എക്സിക്യുട്ടീവ് ഡയറക്ടറായും 2018 മുതല്‍ മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. എറണാക്കുളം ലോ കോളജ് യൂണിയന് ചെയര്മാന്, സ്വതന്ത്ര വിദ്യാര്‍ഥി സംഘടന സംസ്ഥാന സെക്രട്ടറി, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് സ്ഥാപകകാംഗങ്ങളില് ഒരാള്‍, 17 വര്‍ഷക്കാലം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍, 1972-1979 കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അഡ്വ. എ.പി. ജോര്‍ജ്, 1980 ല്‍ കേരള അസംബ്ലിയിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. നീണ്ട 54 വര്‍ഷമായി അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടതിനു ശേഷമാണ് കെഎസ്ഇയുടെ നേതൃനിരയിലേക്ക് എത്തിച്ചേര്‍ന്നത്.