പടിഞ്ഞാറേ ഗോപുരം നവീകരണം സമര്‍പ്പണം അടുത്ത വര്‍ഷം, ധാരണാപത്രം കൈമാറി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു പിന്നാലെ പടിഞ്ഞാറേ ഗോപുരവും നവീകരിക്കുന്നു. ദേവസ്വത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയാണ് പ്രവൃത്തികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി കൂടല്‍മാണിക്യം ദേവസ്വത്തിനു ധാരണാപത്രം കൈമാറി. കാലങ്ങളായി ജീര്ണാവസ്ഥയില് നില്ക്കുന്ന പടിഞ്ഞാറേ ഗോപുരം നവീകരിച്ച് 2022 ലെ ഉത്സവത്തിനു മുന്നോടിയായി സമര്‍പ്പിക്കാനാണു തീരുമാനം. 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറേ ഗോപുരത്തിന്റെ ഉത്തരവും കഴുക്കോലുമെല്ലാം ദ്രവിച്ച നിലയിലാണ്. പഴമ നിലനിര്‍ത്തിയാകും നവീകരണം. മേല്‍ക്കൂര തേക്കുകൊണ്ട് നിര്‍മിച്ചിരിക്കുന്നതിനാല്‍ മാറ്റേണ്ട. ഉത്തരവും കഴുക്കോലുമെല്ലാം തേക്കുപയോഗിച്ചുതന്നെ സ്ഥാപിക്കാനാണ് പദ്ധതി. ദേവസ്വം ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റര്‍ സുഗീത എമ്മിന് പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി പ്രസിഡന്റ് അയ്യപ്പന് പണിക്കവീട്ടില്‍ ധാരണാപത്രം കൈമാറി. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സമിതി സെക്രട്ടറി മനോജ് കല്ലിക്കാട്ട്, നളിന്‍ബാബു എസ്. മേനോന്, കെ. കൃഷ്ണദാസ്, എന്നിവര്‍ പങ്കെടുത്തു.