നെടുമുടിവേണുവിന്റെ മരണത്തോടെ നഷ്ടമായത് ആത്മാര്‍ഥ സുഹൃത്തിനെയാണ്- ഇന്നസെന്റ്
നെടുമുടിവേണുവിന്റെ മരണത്തോടെ നഷ്ടമായത് ആത്മാര്‍ഥ സുഹൃത്തിനെയാണ്- ഇന്നസെന്റ്
നടന് മാത്രമല്ല, വലിയൊരു സുഹൃത്തിനെയും കൂടിയാണ് എനിക്ക് നെടുമുടിവേണുവിന്റെ മരണത്തോടെ നഷ്ടമായതെന്ന് ഇന്നസെന്റ് പറഞ്ഞു. കുടുംബകാര്യങ്ങളിലും സിനിമാരംഗങ്ങളിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരത്ത് പോകുമ്പോള്‍ നെടുമുടി വേണുവിന്റെ വീട്ടിലും ഞാന്‍ പോയി കുടുംബക്കാരുമായി കുശലാന്വേഷണം നടത്താറുണ്ട്. അത്രക്കും ആത്മാര്‍ഥത നിറഞ്ഞ സുഹൃത് ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. അമ്മ സംഘടനയുടെയും സിനിമാ രംഗത്തെയും പല പ്രശ്നങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അമ്മയുടെ പ്രസിഡന്റ് ആകാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അതിനുള്ളതായിട്ടില്ലായെന്നും എനിക്ക് നിങ്ങളില്‍ നിന്ന് ഇനിയും പലതും പഠിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ഒരാള്‍ പറയണമെങ്കില്‍ അതിനുള്ള വിശാലമായ മനസുണ്ടാകണമെന്നു ഇന്നസെന്റ് കൂട്ടിചേര്‍ത്തു. നെടുമുടി വേണുവിനെ ഞാന്‍ പരിചയപ്പെടുന്നത് മദ്രാസില്‍ വെച്ചിട്ടാണ്. ഇന്നസെന്റ് നിര്‍മാണവും മോഹന്‍ സംവിധാനവും നിര്‍വഹിച്ച ‘വിടപറയും മുമ്പേ’ എന്ന ചിത്രത്തില്‍ സേവ്യര്‍ എന്ന കഥാപാത്രമാണ് നെടുമുടി വേണു അഭിനയിക്കുന്നത്. ആ സിനിമയില്‍ നെടുമുടി വേണു എന്ന കഥാപാത്രം മരിക്കുന്ന ഭാഗമുണ്ട്. ആ സീന്‍ അഭിനയിക്കുമ്പോള്‍ അവിടുത്തെ കടപ്പുറത്തെ സ്ത്രീകള്‍ കരയുകയാണ് ഉണ്ടായത്. അത്രക്കും നന്നായി അഭിനയിക്കാന്‍ കഴിയുന്ന ആളാണ് വേണു. എന്റെ കൂടെ ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ പ്രൊഡ്യൂസ് ചെയ്ത അഞ്ചു സിനിമയിലും അദ്ദേഹം ഉണ്ട്. ഞാന്‍ ഒരുപാട് കാലങ്ങളായി രോഗബാധിതനായി നടക്കുന്ന വ്യക്തിയാണ്. എന്റെ മരണത്തെപ്പറ്റി ഒട്ടുമിക്ക ടിവിയിലും പത്രത്തിലുമെല്ലാം പറയുന്നത് മനസില്‍ കണ്ട വ്യക്തിയാണ് ഞാന്‍. പക്ഷേ വിധി മറിച്ചായിരുന്നു. വേണുവിനെപ്പറ്റി പറയേണ്ട ഒരു ഗതിക്കേടാണ് എനിക്കു വന്നത്.