സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഔട്ട് പേഷ്യന്റ് കെട്ടിട നിര്‍മാണത്തിനു തറക്കല്ലിട്ടു
ആനന്ദപുരം: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ ഔട്ട് പേഷ്യന്റ് കെട്ടിട നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തെ പൂര്‍ണ പ്രതാപത്തോടെ നവീകരിക്കുമെന്നു മന്ത്രി അറിയിച്ചു. മോശം അവസ്ഥയിലായ വാസയോഗ്യമല്ലാത്ത ദുര്‍ബലമായ ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു മള്‍ട്ടി ലെയര്‍ ഫ്ളാറ്റ് സംവിധാനവും ഐസൊലേഷന്‍ വാര്‍ഡ് അടക്കം നിര്‍മിച്ച് ആശുപത്രിയെ എല്ലാ അര്‍ഥത്തിലും നവീകരിക്കാന്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. കേരള സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2020-21 വര്‍ഷത്തെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണു കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പ്രസ്തുത പ്രവര്‍ത്തിയില്‍ താഴത്തെ നിലയില്‍ 399.56 എം. സ്ക്വയര്‍ വിസ്തീര്‍ണത്തില്‍ നാലു ഡോക്ടേഴ്സ് റൂം, സ്റ്റാഫ് റൂം, ലാബ് റൂം, ഫാര്‍മസി, ഒബ്സര്‍വേഷന്‍ റൂം എന്നിവയും ഒന്നാം നിലയില്‍ 78.96 എം. സ്ക്വയര്‍ വിസ്തീര്‍ണത്തില്‍ അശ്വാസ്, ഇ-ഹെല്‍ത്ത് എന്നിവയ്ക്കുള്ള റൂമുകളുമാണു നിര്‍മിക്കുന്നത്. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.ടി. കിഷോര്‍, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ആര്. രാജീവ്, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ നിജി വല്സന് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നികിത അനൂപ്, മണി സജയന്, മനീഷ മനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.