ജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ ജനകീയ മുഖമായി മാറണം: കെ.കെ. വത്സരാജ്
ഇരിങ്ങാലക്കുട: സ്വതന്ത്ര ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ ജനാധിപത്യ വിപ്ലവമാണ് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവുമെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ് ആന്‍ഡ് എസ് ഹാളില്‍ നടന്ന സിപിഐ ജനപ്രതിനിധികളുടെ മേഖല പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായി ഇന്നു ജനങ്ങള്‍ കാണുന്നതു തദ്ദേശഭരണ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികളെയാണ്. ആശയവും മൂല്യബോധവും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പാര്‍ലിമെന്ററി ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ താഴെ തട്ടിലുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു വലിയ പ്രസക്തിയുണ്ട്. പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാതെ അടിച്ചേല്‍പ്പിച്ച കാര്ഷികമാരണ നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതു ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമാണെന്നു കെ.കെ. വത്സരാജ് ചൂണ്ടിക്കാട്ടി. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സുനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ് കുമാര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. കമ്യുണിസ്റ്റ് പാര്‍ട്ടിയും ജനാധിപത്യ വേദികളും എന്ന വിഷയം ആസ്പദമാക്കി കെ.ജി. ശിവാനന്ദന് ക്ലാസ് നയിച്ചു. ആസൂത്രണ സമിതിയെക്കുറിച്ച് വി.എസ്. പ്രിന്‍സും ജനക്ഷേമ പദ്ധതികളെക്കുറിച്ച് മസൂദ് കെ. വിനോദും വിശദീകരിച്ചു. ക്യാമ്പ് ലീഡര്‍ കെ.എസ്. ജയ ക്ലാസുകള്‍ക്കു നേതൃത്വം നല്കി. സംഘാടകസമിതി ചെയര്മാന് പി. മണി, കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ ജനപ്രതിനിധികളാണ് പഠന ക്ലാസില്‍ പങ്കെടുത്തത്.