വ്യാജമദ്യം കഴിച്ച് സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മരിച്ചു
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചു സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന് നിശാന്ത് (44), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍-കാട്ടൂര്‍ തേക്കുംമൂല റോഡില്‍ മുഹിയിദ്ധീന്‍ പള്ളിറോഡിനു പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന് മകന് ബിജു (42) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം. ചന്തക്കുന്നിലും ബാസ് സ്റ്റാന്‍ഡിലുമായി ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ സ്ഥാപനത്തിന്റെ ഉടമയാണു നിശാന്ത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുകയാണു ബിജു. നിശാന്തും ബിജുവും ഒരുമിച്ചു ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നിശാന്തിന്റെ കടയില്‍ വെച്ചു മദ്യം കഴിച്ചിരുന്നു. തുടര്‍ന്നു ഠാണാ ജംഗ്ഷനിലേക്കു ബൈക്കില്‍ വരുന്ന വഴി മെയിന്‍ റോഡില്‍ മുന്‍സിഫ് കോടതിക്കു സമീപത്തുവെച്ചു നിശാന്ത് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നിശാന്ത് മരണപ്പെട്ടിരുന്നു. വായില്‍ നിന്നും നുരയും പതയും വന്നിരുന്നതായും കണ്ണില്‍ നിന്നും വാതകം പോലുള്ളതു വന്നിരുന്നതായി ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയവര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടോടെടെയാണു ബിജു മരിച്ചത്. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ കഴിച്ചിരുന്ന മദ്യത്തിന്റെ ബാക്കിയും രണ്ടു ഗ്ലാസും പോലീസ് കണ്ടെടുത്തു. ചാരായത്തിന്റെ മണമുള്ള വെള്ള നിറത്തിലുള്ള ദ്രാവകമാണു കഴിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങള്‍ ഫോറന്‍സിക് ലാബിലെ പരിശോധനക്കു ശേഷമേ വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.പി. സുധീരന് പറഞ്ഞു. ഇരുവരുടെയും പോസ്റ്റുമാര്‍ട്ടം ഇന്നു നടക്കും. സിനിയാണു നിശാന്തിന്റെ ഭാര്യ. മക്കള്‍-ഗോഡ്വിന്, ഗോഡ്സണ്‍, ഗിഫ്റ്റി. ബിജു അവിവാഹിതനാണ്.
മദ്യത്തില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് സംശയം
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചു രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ കഴിച്ച മദ്യത്തില്‍ വിഷം കലര്ന്നിരുന്നുവോയെന്നു സംശയം. ഇവര്‍ക്കു മദ്യം ആരാണു നല്‍കിയതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. പല വാറ്റു കേന്ദ്രങ്ങളിലും പോലീസും എക്സൈസും പരിശോധന നടത്തുണ്ട്. ഇവര്‍ക്കു ലഭിച്ച മദ്യത്തില്‍ ആസുഡിന്റെ അംശം കൂടുതലുള്ളതായി സംശയിക്കുന്നുണ്ട്. അതിനാലാണു കണ്ണില്‍ നിന്നും വാതകം ഉണ്ടായത്. ഇവര്‍ കഴിച്ച മദ്യത്തില്‍ ഫോര്‍മാലിന്റെ അംശം ഉണ്ടെന്നാണു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ജില്ലാ റൂറല്‍ എസ്പി ജി. പൂങ്കുഴലി സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തു പരിശോധന നടത്തുന്നുണ്ട്.
യുവാക്കള്‍ മരിച്ചതു രാസപദാര്‍ഥം അടങ്ങിയ വെള്ളം കഴിച്ചതിനെ തുടര്‍ന്ന്- ജി. പൂങ്കുഴലി ഐപിഎസ് (ജില്ലാ പോലീസ് മേധാവി)
ഇരിങ്ങാലക്കുട: രണ്ടു യുവാക്കള്‍ മരിച്ചതു രാസപദാര്‍ഥം അടങ്ങിയ വെള്ളം കഴിച്ചതിനെ തുടര്‍ന്നാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. ഇവര്‍ കഴിച്ചതു വ്യാജമദ്യമല്ലെന്നും മദ്യത്തിനു പകരം രാസപദാര്‍ഥം അടങ്ങിയ വെള്ളമാണെന്നും കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇരുവരുടെയും ബോധം നഷ്ടമായെന്നും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായെന്നും ബസ് സ്റ്റാന്റിനടുത്ത് ഇവര്‍ ഇതുകഴിച്ച കോഴിക്കടയോടു ചേര്‍ന്നുള്ള ഷെഡ് സന്ദര്‍ശിച്ച ശേഷം റൂറല്‍ എസ്പി ജി. പൂങ്കുഴലി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇവര്‍ കഴിച്ചതിന്റെ സാമ്പിള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എവിടെ നിന്ന് ഇതു ലഭിച്ചുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടും വരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും പോലീസ് മേധാവി സൂചിപ്പിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിനാണ് അന്വേഷണ ചുമതല.
യുവാക്കളുടെ മരണം; അന്വേഷണം ഊര്‍ജിതം, ദുരൂഹതകള്‍ ബാക്കി
ഇരിങ്ങാലക്കുട: ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്നാണ് യുവാക്കള്‍ മരിച്ചതെന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടു പുറത്തു വന്നതോടെ ഏറെ സംശയങ്ങളും ദുരൂഹതകളും ഉയര്‍ന്നീട്ടുണ്ട്. ഫോര്മാലില് കലര്‍ത്തിയ ചാരായമാണ് ഇവര്‍ കഴിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഇത് ആരാണ് ഇവര്‍ക്കു നല്‍കിയതെന്നാണു പോലീസ് അന്വേഷിക്കുന്നത്. നാടന്‍ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവര്‍ക്കു നല്കിയതാകാം എന്നാണ് പോലീസ് സംശയക്കുന്നത്. നിശാന്ത് ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചെങ്കിലും ബിജു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. ആരോ മദ്യമെന്ന് പറഞ്ഞു നിശാന്തിന് നല്‍കിയതാണ് ഞങ്ങള്‍ ഇരുവരും കഴിച്ചതെന്ന് ബിജു പറഞ്ഞതായാണ് പുറത്തുവരുന്ന സൂചന. ആരാണ് ഇത് നല്‍കിയതെന്ന് വ്യക്തമല്ല. അതിനുള്ള അന്വേഷണമാണ് ഇപ്പോള്‍ പോലീസ് നടത്തികൊണ്ടിരിക്കുന്നത്. ഇവര്‍ മരണപ്പെട്ടതിനാല്‍ ഇവരുടെ മൊബൈല്‍ ഫോണിലെ സംഭാഷണങ്ങളാണ് ഇക്കാര്യം വ്യക്തമാകുവാന്‍ പോലീസ് പരിശേധിക്കുന്നത്. പല ദിവസങ്ങളിലും വൈകീട്ട് ഇവര്‍ രണ്ടു പേരും ഒത്തുകൂടാറുണ്ടെങ്കിലും ഇവര്‍ കഴിച്ച മദ്യത്തിന്റെ ബാക്കി കടയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ കഴിക്കാറാണു പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ കഴിച്ചതിന്റെ ബാക്കി കടയിലെ ജീവനക്കാര്‍ കഴിച്ചിരുന്നില്ല. ഇതു കൂടുതല്‍ പേരുടെ ജീവനെടുക്കുവാതിരിക്കാന് കാരണമായി. എന്നാല്‍, കടയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കഴിക്കാതിരുന്നതു പല സംശയങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്. പോലീസ് ഇവരെയും ചോദ്യം ചെയ്യുന്നുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
യുവാക്കളുടെ മരണം; ആത്മഹത്യ അല്ലെന്നു വ്യക്തമായതായി പോലീസ്.
ഇരിങ്ങാലക്കുട: മദ്യത്തോടൊപ്പം ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്ന് രണ്ട് യുവാക്കള്‍ മരിച്ച സംഭവം ആത്മഹത്യ അല്ലെന്നാണു പോലീസിന്റെ പ്രാഥമീക നിഗമനം. ഫോര്മാലില് കലര്‍ത്തിയ ചാരായമാണ് ഇവര്‍ കഴിച്ചിരിക്കുന്നതെന്ന് വ്യക്തമായി. ഇവര്‍ക്ക് ഇത് ലഭിച്ചതിന്റെ ഉറവിടം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്. ആരോ മദ്യമെന്ന് പറഞ്ഞു നിശാന്തിന് നല്‍കിയതാണ് ഞങ്ങള്‍ ഇരുവരും കഴിച്ചതെന്ന് ബിജു പറഞ്ഞതായാണ് പുറത്തുവരുന്ന സൂചന. ആരാണ് ഇത് നല്‍കിയതെന്ന് വ്യക്തമല്ല. അതിനായി നിശാന്തിന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നുണ്ട്. മാത്രവുമല്ല. നിശാന്തിന്റെ എല്ലാ ചിക്കന്‍ സെന്ററുകളിലും വന്നുപോയവരെയും കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയാണ് നടക്കുന്നത്. ഇവര്‍ക്ക് ആരെങ്കിലുമായി വൈരാര്യമുണ്ടോ എന്നുള്ളതും അന്വേഷിക്കുന്നുണ്ട്. വാറ്റ് ചാരായം കടയില്‍ കൊണ്ടു വന്നശേഷം ആരെങ്കിലും ഇതില്‍ ഫോര്മാലില് ഒഴിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടീട്ടില്ല. ചിക്കന്‍ സെന്ററിലെ ജീവനക്കാരടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
യുവാക്കളുടെ മരണം; ആത്മഹത്യ അല്ല, വെള്ളമെന്നു കരുതി ഫോര്‍മാലിന്‍ കഴിച്ചത് അബ്ദത്തിലെന്നു പോലീസ് നിഗമനം.
ഇരിങ്ങാലക്കുട: രണ്ടു യുവാക്കള്‍ ഫോര്‍മാലിന്‍ കഴിച്ചു മരിക്കാനിടയായത് അബ്ദത്തിലാണെന്നാണു പോലീസിന്റെ പ്രാഥമീക നിഗമനം. മദ്യത്തില്‍ ഒഴിക്കുവാനുള്ള വെള്ളമാണെന്നു കരുതി ഫോര്‍മാലിന്‍ തെറ്റി എടുത്തതാകാം. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു വടക്കുള്ള ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിലിരുന്നു രാസലായനി കഴിച്ച് അത്യാസന നിലയിലായ കണ്ണമ്പിള്ളി നിശാന്ത് (44), ചെട്ടിയാല്‍ സ്വദേശി അണക്കത്തിപറമ്പില്‍ ബിജു (42) എന്നിവരാണു കഴിഞ്ഞ ദിവസം മരിച്ചത്. ഫോര്‍മാലിന്‍ ഉള്ളില്‍ച്ചെന്നതാണു മരണകാരണമെന്നു ഡോക്ടര്‍മാരുടെയും അന്വേഷണോദ്യോഗസ്ഥരുടെയും നിഗമനം. കോഴിക്കടയുടമ നിശാന്തും സുഹൃത്ത് ബിജുവും മദ്യം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. നിശാന്തിന്റെ വണ്ടിയില്‍നിന്നു മദ്യക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കോഴിക്കടയില്നിന്നു രാസലായനിയുടെ കുപ്പിയും രണ്ടു ഗ്ലാസും മാത്രമാണു ലഭിച്ചത്. ഇരുവരുടെയും അന്നനാളം ഉള്‍പ്പെടെ ആന്തരികാവയവങ്ങള്‍ പൊള്ളലേറ്റതിനു സമാനമാണെന്നാണു പറയുന്നത്. വലിയ കോഴിഫാമുകളില്‍ അണുനശീകരണത്തിന് ഇത് ഉപയോഗിക്കാറുണ്ട്. രൂക്ഷമായ ഗന്ധവും എരിചിലും ഉണ്ടാക്കുന്ന ദ്രാവകമാണു ഫോര്‍മാലിന്‍. മരണപ്പെട്ട നിശാന്ത് ചിക്കന്‍ സെന്റര്‍ ഉടമയാണ്. കോഴി മാലിന്യത്തിന്റെ ദുര്‍ഗന്ധം പോകാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കാറുണ്ടെന്നു ചോദ്യം ചെയ്യലില്‍ കടയിലെ ജീവനക്കാര്‍ പോലീസിനോടു പറഞ്ഞു. ചില മരുന്നുകടകളില്‍നിന്ന് ഇതു വാങ്ങാന്‍ കിട്ടും. കുടിവെള്ള കുപ്പിയിലാണു ഫോര്‍മാലിന്‍ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാന്‍ ഒഴിച്ചു വെള്ളത്തിനു പകരം തെറ്റി ഫോര്‍മാലിന്‍ ഒഴിച്ചിരിക്കാനാണു സാധ്യതയെന്നു പോലീസ് ഊഹിക്കുന്നു. ഫോര്‍മാലിന്‍ ഇവര്‍ക്കു ലഭിച്ചതിന്റെ ഉറവിടവും കഴിക്കാനുണ്ടായ സഹചര്യവും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഫോര്‍മാലിന്‍ അല്പം മാത്രമായി സൂക്ഷിച്ചിരുന്ന കുപ്പിയിലേക്കു വെള്ളം നിറച്ചതിനാലാകാം തീവ്രത ഇരുവരും അറിയാതിരുന്നത് എന്നാണു നിഗമനം. ഫോര്‍മാലിന്‍ സൂക്ഷിക്കുവാന്‍ ലൈസന്‍സ് ആവശ്യമില്ല. അതുകൊണ്ട് ഉറവിടം കണ്ടെത്തുക ദുഷ്കരമാണ്. ആര്‍ക്കും മെഡിക്കല്‍ ഷേപ്പുകളില്‍ നിന്നു ഫോര്‍മാലിന്‍ ലഭിക്കാം. ഫോര്‍മാലിന്‍ തെറ്റി കഴിച്ചതാണോ അതോ മദ്യത്തിനു വീര്യം കൂടുതല്‍ ലഭിക്കാന്‍ അല്പം ചേര്‍ത്തു കഴിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അപായപ്പെടുത്തുവാന്‍ മനപ്പൂര്‍വ്വം ആരെങ്കിലും നല്‍കിയതാകാനുള്ള സാധ്യതയില്ലെന്നാണു പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.