വടിയന്‍ചിറ കെട്ടി വെള്ളം നിറച്ചു; വറ്റിയ കിണറുകളില്‍ ജലസമൃദ്ധി
കല്ലേറ്റുംകര: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ മാനാട്ടുകുന്ന് പ്രദേശത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള വടിയന്‍ചിറ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയുടെ നേതൃത്വത്തില്‍ ചിറകെട്ടി വെള്ളം നിറച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണമിതിയും വടിയന്‍ചിറ സംരക്ഷണസമിതിയും ചേര്‍ന്നു റവന്യു മന്ത്രി കെ. രാജനു പ്രത്യേകം നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ഇരിങ്ങാലക്കുട ആര്ഡിഒവിനു ചിറകെട്ടുന്നതിന് ഉത്തരവ് നല്‍കുകയായിരുന്നു. ഉത്തരവിനെ തുടര്‍ന്നാണു പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്. ജോജോയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് രതി സുരേഷ്, 18-ാം വാര്‍ഡ് മെമ്പര്‍ കെ.ബി. സുനില്‍, വടിയന്‍ചിറ സംരക്ഷണ സമിതി പ്രസിഡന്റ് വി.എന്‍. അരവിന്ദന്, സെക്രട്ടറി വിശ്വംഭരന് വെള്ളാനികൂട്ടം, പോളി തുണ്ടിയില്‍, രാജ്കുമാര് നമ്പൂതിരി എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മാനാട്ടുകുന്ന് ആളൂര്‍, താഴേക്കാട് പ്രദേശങ്ങളില്‍ നൂറ് ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന വടിയന്‍ചിറ കെട്ടി വെള്ളം നിറച്ചതോടെ വറ്റികിടന്നിരുന്ന കിണറുകള്‍ പോലും നിറഞ്ഞു ജലസമൃദ്ധിയിലായി. വര്‍ഷങ്ങള്‍ക്കു മുമ്പു തുമ്പൂര്‍മുഴി വലതുകര കനാല്‍ കമ്മീഷന് ചെയ്തതിനു ശേഷം ജലസമൃദ്ധിയുണ്ടായപ്പോള് ജനങ്ങള്‍ ചിറകെട്ടുന്നത് അവസാനിപ്പിച്ചു. മുന്‍കാലങ്ങളില്‍ കന്നിമാസത്തില് കെട്ടി മേടമാസത്തില്‍ തുറക്കുന്ന രീതിയിലാണു ചിറ കെട്ടി ക്രമീകരിച്ചിരുന്നത്. അക്കാലത്ത് തുലാവര്‍ഷത്തില്‍ പെയ്യുന്ന മഴയായിരുന്നു ചിറ നിറക്കുന്നതിന് ഉപയോഗിച്ചിരുന്നത്. കനാല്‍ വെള്ളം വന്നകാലത്ത് ആഴ്ചയില്‍ അഞ്ചോളം ദിവസങ്ങളില്‍ കനാലില്‍ വെള്ളം സമൃദ്ധമായി കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് മാസത്തില്‍ ഒരു ദിവസം പോലും കനാല്‍ വെള്ളം ആളൂരിലെ കനാലുകളില്‍ കിട്ടുന്നില്ല എന്നതാണു വാസ്തവം. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായ മാനാട്ടുകുന്നില്‍ ഈ ചിറ കെട്ടുന്നതിലൂടെ സമീപ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമവും കൃഷിക്കുള്ള വെള്ളക്ഷാമവും പരിഹരിക്കാനും വെള്ളമില്ലാതെ നൂറുകണക്കിന് ഏക്കര്‍ തരിശായി കിടക്കുന്ന പാടശേഖരങ്ങളില്‍ കൃഷിക്കും പദ്ധതി ഗുണകരമാകുമെന്നു കര്‍ഷകരും വിദഗ്ധരും അഭിപ്രായപ്പെട്ടു. മഴ ആരംഭിക്കുന്ന മുറയ്ക്കു വടിയന്‍ചിറ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ പ്രദേശത്ത് നെല്‍കൃഷി ഇറക്കുവാനും സമിതിക്ക് ആലോചനയുണ്ട്.