അനധികൃത തടയണ നിര്‍മിതി; കൃഷിയിടത്തില്‍ വെള്ളക്കെട്ട്
ആളൂര്‍: മാനാട്ടുകുന്നിനു സമീപമുള്ള വടുവന്‍ തോട്ടിലെ അനധികൃത തടയണ നിര്‍മിതി മൂലം അയ്യന്‍പട്ക്കയിലെ ഏക്കറു കണക്കിനു കൃഷിയിടം വെള്ളക്കെട്ടിനാല്‍ നശിക്കുന്നു. വേനല്‍മഴ പെയ്തതോടെ കൃഷിയിടങ്ങളില്‍ നാലടിയോളം അരയ്ക്കൊപ്പം വെള്ളം കയറി. പടവലം, പാവയ്ക്ക, കൊള്ളി കിഴങ്ങ്, വാഴ, കവുങ്ങ്, തെങ്ങ് മുതലായ എല്ലാതരം കൃഷിയിനങ്ങളും വേര് ചീച്ചല് മൂലം മഞ്ഞപ്പ് ബാധിച്ചുകഴിഞ്ഞു. ഒരു കാരണവശാലും കൃഷിനാശം ഉണ്ടാകുന്ന അവസ്ഥ സൃഷ്ടിക്കരുതെന്ന കോടതി വിധി നിലനില്ക്കുമ്പോള് തന്നെ തൊടുന്യായങ്ങള്‍ നിരത്തി തടയണ പൊളിച്ചു നീക്കാതെ പരമാവധി കൃഷി നാശം ഉറപ്പു വരുത്തുവാനായി മെല്ലെപ്പോക്ക് നയമാണ് കൃഷി ഓഫീസര്‍ നടത്തുന്നതെന്നു കര്‍ഷകര്‍ ആരോപിച്ചു. വെള്ളക്കെട്ട് മൂലം പരിസരവാസികളുടെ കിണര്‍ ജലം മലിനപ്പെടുന്നു എന്ന പരാതികളും ഉയര്‍ന്നു കഴിഞ്ഞു. കുടിവെള്ളത്തിന്റെ പേര് പറഞ്ഞു നടത്തുന്ന തടയണ നിര്‍മാണം കുടിവെള്ളത്തെ മലിനമാക്കുമ്പോള്‍ ഭൂമാഫിയകളുടെ ഇടപെടലാണ് ഇതിനു പിന്നിലെന്ന കര്‍ഷകരുടെ ആരോപണങ്ങള്‍ സാധൂകരിക്കുന്നു.