മണ്ണ് കിട്ടാനില്ല; ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ കെട്ടിടനിര്‍മാണം നിലച്ചു
ഇരിങ്ങാലക്കുട: പുതുതായി നിര്‍മിച്ച തറ ബലപ്പെടുത്തുന്നതിന് ആവശ്യത്തിനു മണ്ണ് കിട്ടാതായതോടെ പൊതുവിദ്യാലയത്തിലെ കെട്ടിടനിര്‍മാണം നിലച്ചു. കിഫ്ബിയില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തിനായി നിര്‍മിക്കുന്ന ഇരുനിലകെട്ടിടത്തിന്റെ ജോലികളാണു മണ്ണു കിട്ടാതായതോടെ സ്തംഭിച്ചിരിക്കുന്നത്. നിര്‍മാണം 40 ശതമാനത്തോളം പൂര്‍ത്തിയായെങ്കിലും എസ്റ്റിമേറ്റില്‍ അടിത്തറയില്‍ ഇടാനുള്ള മണ്ണ് ഉള്പ്പെടുത്താതിരുന്നതാണു തിരിച്ചടിയായത്. മണ്ണ് ലഭിക്കാന്‍ വഴിയില്ലാതായതോടെ ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒമ്പതുമാസത്തെ നിര്‍മാണ കാലാവധി കണക്കാക്കി കിലയുടെ ടെന്‍ഡറില്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണു നിര്‍മാണം നടക്കുന്നത്. ജനുവരി മുതല്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും കഴിഞ്ഞ 16 നാണു കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി നടത്തിയത്. മുകളില്‍ നാലും താഴെ മൂന്നും ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കുമടക്കം 4065 ചതുരശ്ര അടിയുള്ള കെട്ടിടമാണു നിര്‍മിക്കുന്നത്. ഇതിന്റെ തറ ബലപ്പെടുത്തുന്നതിനായി 150 ലോഡ് മണ്ണെങ്കിലും വേണ്ടിവരുമെന്നാണു കരാറുകാരന് പറയുന്നത്. വിഷയം നേരത്തെതന്നെ അധികൃതരുടെ ശ്രദ്ധയില്‍ രേഖാമൂലം കൊണ്ടുവന്നിരുന്നതായും മറുപടി ലഭിച്ചില്ലെന്നും കരാറുകാരന് പറഞ്ഞു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി വിഷയം ഉന്നയിച്ചിരുന്നു. നഗരസഭയുടെ കീഴില്‍ നിര്‍മാണം നടക്കുന്ന മറ്റു സ്ഥലങ്ങളില്‍നിന്നും മണ്ണ് ലഭ്യമാക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.