തൃശൂര്‍-പൊന്നാനി കോള്‍വികസനം; സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്ന് കര്‍ഷകമുന്നേറ്റം
ഇരിങ്ങാലക്കുട: തൃശൂര്‍-പൊന്നാനി കോള്‍ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 429 കോടി രൂപയുടെ ധനവിനിയോഗം സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്നു കര്‍ഷകമുന്നേറ്റം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ജൂണ്‍ രണ്ടാംവാരം പ്രത്യക്ഷ സമരമാരംഭിക്കുമെന്നു കര്‍ഷകമുന്നേറ്റം മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ പറഞ്ഞു. സോഷ്യല്‍ ഓഡിറ്റിംഗ് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രിക്കും സഹമന്ത്രിക്കും നിവേദനം നല്കി. മുരിയാട് കര്‍ഷക സമരത്തെത്തുടര്‍ന്നാണു ിദഗ്ധസമിതി പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുരിയാട് കോള്‍മേഖലയുടെ വികസനത്തിനായി സമുദ്ധാരണ പാക്കേജ് തയാറാക്കിയത്. പിന്നീട് രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി തൃശൂര്‍-പൊന്നാനി കോള്‍വികസന പാക്കേജാക്കി മാറ്റുകയായിരുന്നു. അന്നത്തെ എംപിയായിരുന്ന പി.സി. ചാക്കോയുടെ ഇടപെടലുകളെത്തുടര്ന്നാണു 429 കോടി രൂപയുടെ പാക്കേജിന് അനുമതി നല്‍കിയത്. അതിനു രാഷ്ട്രീയ വികാസ് യോജനയുടെ ഫണ്ടില്‍നിന്നു തുക അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ വലിയ ധനദുര്‍വിനിയോഗം നടന്നിട്ടുണ്ടെന്നു കര്‍ഷകമുന്നേറ്റം ആരോപിച്ചു. കോള്വികസനത്തിനായി ഫണ്ട് ചെലവാക്കാതെ അതില്‍ നിന്നു വകമാറ്റി കോഴി, ആട്, പശു എന്നിവ വിതരണം ചെയ്തും വിത്തും വളവുമെല്ലാം കര്‍ഷകര്‍ക്കു നല്‍കിയും കുളം സംരക്ഷണഭിത്തി നിര്മിച്ചുമൊക്കെയാണു പണം ചെലവാക്കിയിട്ടുള്ളത്. ഉന്നതതല സമിതിയെ ഉപയോഗിച്ചു വിശദമായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും അവരെ അതിനു പ്രേരിപ്പിച്ച ജനപ്രതിനിധികള്‍ക്കെതിരേയും നടപടിയെടുക്കണമെന്നും കര്‍ഷകമുന്നേറ്റം ആവശ്യപ്പെട്ടു.