തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതര്‍
പടിയൂര്‍ പഞ്ചായത്തില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു;
പടിയൂര്‍: പഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പോത്താനി ശിവക്ഷേത്രം, അന്നമ്മ ബസ് സ്റ്റോപ്പ് എന്നിവയുടെ പരിസരങ്ങളില്‍ വച്ചാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. പോത്താനി സ്വദേശികളും എടതിരിഞ്ഞി എച്ച്ഡിപി സ്കൂള്‍ വിദ്യാര്‍ഥികളുമായ കോച്ച വീട്ടില്‍ നസീറിന്റെ മകള്‍ സഫ ഫാത്തിമ (ഏഴ്), ചിറ്റൂര്‍ വീട്ടില്‍ ഗിരീഷിന്റെ മകന് ശ്രീക്കുട്ടന് (17), പള്ളിത്തോട്ടുങ്ങല്‍ റാഫിയുടെ മകള്‍ നിസ്രിയ (16), കമ്മട്ടിത്തറ സന്തോഷ് കുമാറിന്റെ മകന് ആഷിന് (ഒമ്പത്) എന്നിവര്‍ക്കും പള്ളിത്തോട്ടുങ്ങല്‍ ഷാഫിയുടെ ഭാര്യ ഷമീജ (32) ക്കുമാണ് കടിയേറ്റത്. ഇവരില്‍ ശ്രീക്കുട്ടന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും ബാക്കി നാലു പേരും തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. ചികിത്സക്കു ശേഷം എല്ലാവരും വീടുകളില്‍ തിരിച്ചെത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനും കടിയേറ്റവരുടെ കുടുംബങ്ങള്‍ക്ക് ചികിത്സ സഹായം അനുവദിക്കാനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സമീപപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.