യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂരില്‍ പണയ വാഹനം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പുത്തന്‍ചിറ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാലംഗ സംഘം അറസ്റ്റിലായി. പറവൂര്‍ താന്നിപ്പാടം സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മുക്താര്‍ (30), ആളംതുരുത്ത് സ്വദേശികളായ കണ്ണന്ചക്കശേരി വീട്ടില്‍ നിസാം (30), കൈതക്കല്‍ വീട്ടില്‍ അന്‍ഷാദ് (31), വടക്കുംപുറം കൂട്ടുകാട് സ്വദേശി പൊന്നാഞ്ചേരി വീട്ടില്‍ അരുണ്‍ (24) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന് എന്നിവര്‍ അറസ്റ്റു ചെയ്തത്. മെയ് മാസം 20 നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മുക്താര്‍ വാടകയ്ക്ക് എടുത്ത കാര്‍ ഇയാളുടെ സുഹൃത്ത് കൊണ്ടുപോയി പുത്തന്‍ചിറ സ്വദേശിയായ പരാതിക്കാരന് പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. ഇതറിഞ്ഞ ഒന്നാം പ്രതി പരാതിക്കാരന്റെയടുത്ത് നേരിട്ടെത്തി കാര്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. 20 ന് കുഴിക്കാട്ടുശേരിയില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന പരാതിക്കാരനെ കാറിലെത്തിയ പ്രതികള്‍ തടഞ്ഞു നിറുത്തി ബലമായി കാറില്‍ പിടിച്ചു കയറ്റി കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണയപ്പെടുത്തിയ കാര്‍ കൈക്കലാക്കുകയായിരുന്നു. ഒന്നാം പ്രതി മുക്താര്‍ മുന്‍പ് പല കേസുകളിലും ഉള്‍പ്പെട്ടയാളാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പ്രതികളെയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ പറവൂര്‍, മതിലകം ഭാഗത്തു നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്, എ.എസ്.ഐ. മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, പി.വി. നിധീഷ്, കെ.എസ്. ഉമേഷ്, സോണി സേവ്യര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.