സെന്റ് ജോസഫ്സ് കോളജില്‍ നാടന്‍ പൂക്കളുടെ ശേഖരണ മത്സരവും പ്രദര്‍ശനവും
ഇരിങ്ങാലക്കുട: തൊടിയിലും വയല്‍ വരമ്പിലും വഴിവക്കിലും പാറപ്പരപ്പുകളിലും കുറ്റിക്കാട്ടിലും പാടത്തും തലയാട്ടി നിന്നിരുന്ന നാടന്‍ പൂക്കള്‍ വിരളം. പഴയകാല നാടന്‍ പൂക്കള്‍ പലതും വിസ്മൃതിയിലാണ്ടുപോയി. എന്നിരുന്നാലും അവശേഷിച്ച നാട്ടുപൂ ശേഖരണ മത്സരവും പ്രദര്‍ശനവുമാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന പൂക്കള്‍ക്കൊരു പുണ്യകാലം. അന്യംനിന്നുകൊണ്ടിരിക്കുന്ന കണ്ണാന്തളിപ്പൂക്കളും വര്‍ണാഭമായ മറ്റനവധി പൂക്കളും കൊണ്ട് സമ്പന്നമായിരുന്നു ഈ പ്രദര്‍ശനം. തൊടിയിലും പറമ്പിലും വീണ്ടുമിറങ്ങുവാന് ഒരു പൂക്കാലം കൂടി വന്നെത്തിയതിന്റെ ആരവമായിരുന്നു ഇത്. ഒരു വലിയ പൂക്കാലം സ്വന്തമായുണ്ടായിരുന്ന കേരളത്തിന്റെ സമ്പന്നമായ ഓര്‍മകളുടെ ഗൃഹാതുരതയാണിത്. ഓണക്കാലത്ത് തൊടിയിലും പറമ്പിലും ഓടിനടന്നു പൂപറിച്ചിരുന്ന ബാല്യം ഇന്‍സ്റ്റന്റ് പൂക്കളങ്ങളിലേക്ക് വഴിമാറിയതിന്റെ നൊമ്പരങ്ങളും സങ്കടങ്ങളുമാണ് ഈ പ്രദര്‍ശനത്തിന് വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായത്. കണ്ണാന്തളിപ്പൂക്കളുടെ വശ്യതയും തുമ്പപ്പൂവിന്റെ നൈര്‍മല്യവും തെറ്റിപ്പൂവിന്റെ ചെഞ്ചോപ്പുമെല്ലാം ഇന്ന് വിസ്മയക്കാഴ്ചയായി. ഒരു പഴയ നന്മക്കാലത്തിന്റെ ഓര്‍മകളില്‍ ഒരു ക്യാമ്പസ് ഊളിയിട്ടിറങ്ങിപ്പോയ സമയമായിരുന്നു പൂക്കളുടെ പ്രദര്‍ശനം നടന്ന ഇത്തിരി നേരം. മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും എന്നു വേണ്ട, പാട്ടിലും കവിതയിലും മാത്രം പരിചയപ്പെട്ടിരുന്ന മേന്തോന്നിയും കണ്ണാന്തളിയും തുടങ്ങി നാനൂറോളം നാടന്‍ പൂക്കള്‍ പ്രദര്ശനവേദിയിലെത്തി. കോളജിന്റെ സ്ക്രിപ്റ്റ് ഗാര്‍ഡനില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി, മലയാളം വകുപ്പധ്യക്ഷ പ്രഫ. ലിറ്റി ചാക്കോ, ഡോ. ജെന്‍സി, ദേവാംഗന തുടങ്ങിയവര്‍ പ്രസംഗിച്ചു.