പടിയൂര്‍ ഇനി സിസിടിവി നിരീക്ഷണത്തിലേക്ക്…..
പടിയൂരിനു കാവലായി 25 ക്യാമറകള്‍
എടതിരിഞ്ഞി സര്‍വീസ് ബാങ്ക് നല്‍കിയത് 15 ലക്ഷം രൂപ
പടിയൂര്‍: ഗ്രാമപഞ്ചായത്ത് പ്രദേശം ഇനി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തില്‍. എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണു പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചത്. 11 കിലോമീറ്റര്‍ ചുറ്റളവിലായി 15 ലക്ഷം രൂപ ചെലവഴിച്ചാണു 25 ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്ത് അതിര്‍ത്തികളായ അരിപ്പാലം, മതിലകം, കാക്കാത്തുരുത്തി, ചേലൂര്‍, കോതറ എന്നിവിടങ്ങള്‍ മുതല്‍ നിരീക്ഷണം തുടങ്ങും. പോസ്റ്റോഫീസ് ജംഗ്ഷനിലൂടെ രാത്രി കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുള്പ്പെടെ ഫോട്ടോ എടുക്കുന്ന തരത്തിലുള്ള ക്യാമറകളാണു ഒരുക്കിയിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ കേബിള്‍ ട്രോണ്‍ എന്ന സ്ഥാപനത്തിനാണു പദ്ധതിച്ചുമതല. കോതറ മുതല്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലേക്കു കേബിള്‍ വലിക്കുന്ന ജോലികളാണു ഇനി പൂര്‍ത്തിയാകാനുള്ളത്. ബാങ്കിന്റെ ഹെഡ് ഓഫീസിലും കാട്ടൂര്‍ പോലീസ് സ്റ്റേഷനിലും ദൃശ്യങ്ങള്‍ പരിശോധിക്കും. ഈ മാസം അവസാനത്തോടെ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു ബാങ്ക് പ്രസിഡന്റ് പി. മണി, സെക്രട്ടറി സി.കെ. സുരേഷ് ബാബു എന്നിവര്‍ അറിയിച്ചു.
നിരീക്ഷണ ക്യാമറയുടെ നേട്ടം
- ബൈക്കിലെത്തി മാല പൊട്ടിക്കല്‍ അടക്കമുള്ള മോഷണങ്ങളില്‍ എളുപ്പത്തില്‍ കുറ്റവാളികളെ തിരിച്ചറിയാം.
- ഇരുട്ടിന്റെ മറപിടിച്ച് നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാം.
- ഒരു ക്യാമറയില്‍ നിന്ന് അടുത്ത ക്യാമറയിലേക്കു എത്താന്‍ എടുത്ത സമയം പരിശോധിച്ച് അത്യാവശ്യഘട്ടത്തില്‍ വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താന്‍ സാധിക്കും. മറ്റു സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ വാഹനങ്ങള്‍ കണ്ടെത്തി പിടികൂടാന്‍ കഴിയും.