ചികിത്സ തേടിയെത്തിയ സ്ത്രീ ആശുപത്രിയിലെ ഡോക്ടറെയും സുരക്ഷ ജീവനക്കാരിയെയും മര്‍ദിച്ചു
ഇരിങ്ങാലക്കുട: ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീ ഡോക്ടറെയും സുരക്ഷാ ജീവനക്കാരിയെയും മര്‍ദിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ഓര്‍ത്തോ സ്പെഷലിസ്റ്റിനെ കാണണമെന്ന് ചികിത്സ തേടിയെത്തിയ സ്ത്രീ ആവശ്യപ്പെട്ടു. ഓര്‍ത്തോ സ്പെഷലിസ്റ്റ് ഡ്യൂട്ടിയിലില്ലെന്ന് അറിയിച്ചതോടെ ബഹളം വക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നമൃതയുടെ നേരെ ആക്രോശിക്കുകയും ജൂണിയര്‍ ഡോക്ടറായ ട്രീസയുടെ ഐഡി കാര്‍ഡ് പിടിച്ചുവലിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ സുരക്ഷാ ജീവനക്കാരിയായ പ്രീതി ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സുരക്ഷാ ജീവനക്കാരിയുടെ വയറില്‍ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഉടന്‍
തന്നെ ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തുകയും കരുവന്നൂര്‍ സ്വദേശിനിയെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. ഇവര്‍ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് പിങ്ക് പോലീസ് എത്തി വീട്ടില്‍ എത്തിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ഇവരുടെ രോഗത്തെക്കുറിച്ച് അറിയില്ലെന്നും താലൂക്ക് ആശുപത്രിയില്‍ മുന്‍പ് ചികിത്സ തേടിയിട്ടുള്ളതായി ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്രകടനം ഒപി വിഭാഗത്തിനു മുന്നില്‍ സമാപിച്ചു. പ്രതിഷേധ ധര്‍ണ ആശുപത്രി സൂപ്രണ്ട് മിനിമോള്‍ ഉദ്ഘാടനം ചെയ്തു.