നിക്ഷേപതട്ടിപ്പ്: അറസ്റ്റിലായ യുവതി സമാനമായ കേസുകളിലും പ്രതി, തട്ടിപ്പിനിരയായവരില്‍ ഉന്നതരും.
2016 ല്‍ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലും യുവതി പ്രതിയാണ്. നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നും 30 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് 2016 ലെ കേസ്.
ഇരിങ്ങാലക്കുട: നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ യുവതി മുമ്പും സമാനമായ കേസുകളില്‍ പ്രതിയാണ്. പുത്തന്‍ചിറ കോവിലത്ത്കുന്ന് കുരിയാപ്പിള്ളി വീട്ടില്‍ സാലിഹ (35) എന്ന യുവതിയാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം തോറും 6000 രൂപ തരാമെന്നും ഒരു കോടി രൂപ കൊടുത്താല്‍ മാസം തോറും 10 ലക്ഷം രൂപയും ആറു മാസം കഴിഞ്ഞ് ഒരു കോടി രൂപയും തിരിച്ചുനല്‍കാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കോണത്തുകുന്ന് ഭാഗത്ത് എസ്എംസി ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന് ആന്‍ഡ് സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പൊറത്തിശേരി സ്വദേശിയുട പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നാട്ടിലെ പല ഉന്നതരും യുവതിയുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പലരും ഇക്കാര്യം പുറത്തുപറയുവാന്‍ മടിക്കുകയാണ്. 2016 ല്‍ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലും യുവതി പ്രതിയാണ്. നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നും 30 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് 2016 ലെ കേസ്. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മതിലകം, മണ്ണുത്തി, തൃശൂര്‍, കാട്ടൂര്‍, മാള തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് കേസുകളുണ്ടായിരുന്നു. 2016 ല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍ പ്രകാരം മാത്രം 6 കോടിയോളം രൂപയും മറ്റു സ്റ്റേഷനുകളിലടക്കം 30 കോടി രൂപയുടെ തട്ടിപ്പാണ് 2016 ല്‍ നടന്നിരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞത്. ഈ കേസ് ഇരിങ്ങാലക്കുട കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തൃശൂരില്‍ നഗരമധ്യത്തില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ ഒരു വില്ലയും കോണത്തുകുന്നില്‍ ഒരു വീടും ഇതിനിടയില്‍ യുവതി സ്വന്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആര്‍ഭാട ജീവിതം നയിക്കുകയെന്നത് ഇവരുടെ ശീലമായിരുന്നു. ഇരിങ്ങാലക്കുട സിഐ അനിഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്ഐ എം.എസ്. ഷാജന്, എഎസ്ഐ പ്രസന്നകുമാര്‍, ഉദ്യോഗസ്ഥരായ സ്വപ്ന സൂരജ്, മെഹ്റുന്നിസ, ജിഷ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തട്ടിപ്പിന് സഹായിയായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മുമ്പുണ്ടായ കേസുകൡ ഉള്‍പ്പെട്ടവര്‍ ഇപ്പോഴത്തേ കേസിലും സഹായിയായിട്ടുണ്ടോയെന്നും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് പോലീസ് നല്കുന്ന സൂചന. കൂടുതല്‍ പേര് തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഒരാള്‍ മാത്രമേ പരാതിയുമായി രംഗത്തത്തിയിട്ടുള്ളൂ. കൂടുതല്‍ പേര് വരുകയാണെങ്കില്‍ വിശദമായ അന്വേഷണം നടത്തുവാനാണ് പോലീസ് നീക്കം.
വന്‍ ലാഭവിഹിതം വാഗ്ദാനങ്ങള്‍ നല്‍കിയും സ്വന്തം വാക്ചാതുര്യ കഴിവും കോടികള്‍ തട്ടിയെടുക്കാന്‍ സഹായകരമായി.
ഇരിങ്ങാലക്കുട: തന്റെ കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 6000 രൂപ ലാഭവിഹിതം വീട്ടില്‍ എത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരില്‍നിന്ന് വന്‍തുക തട്ടിയെടുത്തത്. ആദ്യമാസങ്ങളില്‍ കൃത്യമായ ലാഭവിഹിതം നല്‍കിയതിലൂടെ ജനങ്ങളുടെ കൂടുതല്‍ വിശ്വാസം ആര്‍ജിച്ചാണ് കൂടുതല്‍ പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. ഷെയര്‍മാര്‍ക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചിരുന്നത്. കോണത്തുകുന്ന് കൂടാതെ തൃശൂര്‍, കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പലഭാഗങ്ങളിലും തട്ടിപ്പിനായി ഓഫീസുകള്‍ ആരംഭിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അതിയായ വാക്ചാതുര്യം പണക്കാരെ തട്ടിപ്പിനിരയാക്കുവാന് സഹായകരമായി മാറി.