നഗരസഭ കെഎസ്ഇബി കെട്ടിട പുനര്‍നിര്‍മാണം: രേഖകളിലെ വൈരുദ്ധ്യം പുന:പരിശോധിക്കും
ഇരിങ്ങാലക്കുട: കെഎസ്ഇബി സെക്ഷന്‍ രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ കെട്ടിട പുനര്‍നിര്‍മാണം സംബന്ധിച്ച രേഖകളിലെ വൈരുദ്ധ്യം പുന:പരിശോധിച്ച് തെറ്റ് തിരുത്താനായി എംഎല്‍എയ്ക്കും കളക്ടര്‍ക്കും ശുപാര്‍ശ കത്ത് നല്‍കും. നിലവില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ അധീനതയുള്ള കെട്ടിടം വാടക കരാറിലാണ് കെഎസ്ഇബി സെക്ഷന്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് സ്ഥലം എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം പുതുക്കി പണിയുന്നതിന് അനുമതി നല്‍കിയിരുന്നു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ കളക്ടറുടെ ഉത്തരവില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കെഎസ്ഇബി കെട്ടിടം എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത് സമീപഭാവിയില്‍ അവകാശ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും നഗരസഭയ്ക്ക് കെട്ടിടം അന്യാധീനപ്പെടാനുള്ള സാധ്യതയുണ്ടെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ രേഖകളിലെ അപാകതകള്‍ പരിഹരിച്ച് വീണ്ടും ഉത്തരവിറക്കുന്നതിനാണ് എംഎല്‍എയ്ക്കും കളക്ടര്‍ക്കും കത്ത് നല്‍കുന്നത്.