രംഗസങ്കല്പങ്ങളില് വ്യത്യസ്തത തീര്‍ത്ത പുല്ലൂര്‍ നാടകരാവ് സമാപിച്ചു
പുല്ലൂര്‍: ചമയം നാടകവേദിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളില്‍ ദൃശ്യശ്രാവ്യ ചാരുതയുടെ രാവുകള്‍ തീര്‍ത്ത നാടകരാവിന് തിരശീല വീണു. ആറു രാവുകളിലായി രംഗകലയുടെ വ്യത്യസ്ത അനുഭവങ്ങള്‍ സഹൃദയര്‍ക്ക് സമ്മാനിച്ച പുല്ലൂര്‍ നാടകരാവിന്റെ സമാപന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ചമയം നാടകവേദി പ്രസിഡന്റ് എ.എന്‍. രാജന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന് അശോകന് ചെരുവില്‍, വി.ഡി. പ്രേമപ്രസാദ്, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, വി.കെ. ലക്ഷ്മണന് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചമയം പുരസ്കാര ജേതാക്കളായ ആര്.എല്‍.വി. രാമകൃഷ്ണന്, മണിയപ്പന് ആറന്മുള, കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന്, എം.കെ. ബാബു ആര്‍ട്ട് ഹോം, ഉദിമാനം അയ്യപ്പക്കുട്ടി, വൈഗ കെ. സജീവ് എന്നിവര്‍ മന്ത്രിയില്‍ നിന്ന് ആദരമേറ്റുവാങ്ങി കൊണ്ട് സംസാരിച്ചു. ചമയം സെക്രട്ടറി ഷാജു തെക്കൂട്ട് സ്വാഗതവും ട്രഷറര്‍ ടി.ജെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സുമേഷ് മണിത്തറ രചനയും സംവിധാനവും നിര്‍വഹിച്ച ചമയം നാടകവേദിയുടെ നാടകം കള്ളന് രംഗാവതരണം നടത്തി. ചമയം വനിതകള്‍ മുരുകന് കാട്ടാക്കടയുടെ സൂര്യകാന്തി നോവ് എന്ന രചനയെ ആസ്പദമാക്കി സലീം തളിക്കുളം ചിട്ടപ്പെടുത്തിയ സംഗീതശില്പം വേദിയില്‍ അവതരിപ്പിച്ചത് ഏറെ ഹൃദ്യമായിരുന്നു. നീരജ് ശിവദാസ് അവിട്ടത്തൂര്‍ അവതരിപ്പിച്ച കവിതയും ആസ്വാധനത്തിന്റെ വ്യത്യസ്ത തലമാണ് കാണികള്‍ക്ക് സമ്മാനിച്ചത്. തൃശൂര്‍ ജനനയനയുടെ പെണ്ണാവിഷ്കാരങ്ങള്‍ എന്ന ഫോക്ക് ഈവും സമാപന സമ്മേളനത്തിന് മാറ്റുകൂട്ടി. അടുത്ത വര്‍ഷത്തെ നാടകരാവിന് കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ രാത്രി 12 മണിയ്ക്ക് ചമയം പ്രസിഡന്റ് എ.എന്‍. രാജനും സാവിത്രി ലക്ഷ്മണനും ചേര്‍ന്ന് നാടകരാവിന്റെ കൊടി താഴ്ത്തി.