കാട്ടൂര്‍ താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മിച്ചിരുന്ന മുനയം താല്കാലിക ബണ്ട് മരമിടിച്ച് തകര്‍ന്നു
കാട്ടൂര്‍: കരുവന്നൂര്‍ പുഴയ്ക്ക് കുറുകെ കാട്ടൂര്‍ താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മിച്ചിരുന്ന താല്കാലിക ബണ്ടിന്റെ ഒരു ഭാഗം മരമിടിച്ച് തകര്‍ന്നു. ഇരുവശത്തും മുളംകുറ്റികള്‍ സ്ഥാപിച്ച് പനയോലവെച്ച് മണ്ണിടാനുള്ള തയാറെടുപ്പ് നടക്കുന്നതിനിടയിലാണ് സംഭവം. മരം വന്നിടിച്ചതോടെ പുഴയില്‍ സ്ഥാപിച്ചിരുന്ന മുളംകാലുകളും പനയോലയും തള്ളിപ്പോയി. ബണ്ട് നിര്‍മിക്കാനും പൊളിച്ചുനീക്കാനുമായി ഇറിഗേഷന്‍ വകുപ്പ് ഇത്തവണ 38 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസുകളിലൊന്നാണ് കരുവന്നൂര്‍ പുഴ. കനോലി കനാലില്‍നിന്ന് ഉപ്പുവെള്ളം കയറി കാട്ടൂര്‍, അന്തിക്കാട് മേഖലയിലെ കൃഷി നശിക്കാതിരിക്കാനും ശുദ്ധജല സംഭരണികള്‍ മലിനമാകാതിരിക്കാനുമാണ് ഡിസംബര്‍ ജനുവരി മാസങ്ങളിലായി പുഴയില്‍ ബണ്ട് കെട്ടുന്നത്. തകര്‍ന്നതോടെ ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഈ ഭാഗത്തെ മുളംകാലുകളും പനയോലകളും മാറ്റിസ്ഥാപിക്കേണ്ടിവരും.