സത്യം വിളിച്ചുപറയുമ്പോള്‍ ശത്രുക്കളേറുക സ്വാഭാവികം: ഡോ. സിബി മാത്യൂസ്
ഇരിങ്ങാലക്കുട: സത്യം വിളിച്ചു പറഞ്ഞാല്‍ ഒട്ടേറെ പേരുടെ ശത്രുതയുണ്ടാകുമെന്നതും മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ക്രൂശിക്കപ്പെടുമെന്നതും സ്വാഭാവികമാണെന്നു റിട്ട. ഡിജിപി സിബി മാത്യൂസ്. വിവാദങ്ങളില്‍ നിന്നു അകന്നു നില്‍ക്കാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ വിവാദങ്ങള്‍ തന്നെ പിന്തുടരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൊതുജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ മാതൃകാപരമായ കൃത്യനിര്വഹണത്തിലൂടെയും മൂല്യാധിഷ്ഠിത നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട വ്യക്തികള്‍ക്ക് ഇരിങ്ങാലക്കുട രൂപത നല്കുന്ന കേരളസഭാതാരം അവാര്‍ഡ് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്നു സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു ഡോ. സിബി മാത്യൂസ്. തനിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട മുപ്പതോളം കേസുകള്‍ തന്റെ ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണം സംബന്ധിച്ചുള്ളവയായിരുന്നു. അവയൊന്നും അഴിമതിയോ വ്യക്തിപരമായ വീഴ്ചകളോ അടിസ്ഥാനമാക്കിയുള്ളവയല്ല. താന്‍ പ്രവര്‍ത്തിച്ചത് ദീര്‍ഘകാലം വിവിധ സര്‍ക്കാരുകളുടെ കീഴിലാണ്. എന്നാല്‍ തനിക്കെതിരെ കേസുകള്‍ വന്നപ്പോള്‍ ഒരുഭാഗത്തുനിന്നും പിന്തുണയുണ്ടായില്ല. സ്വന്തമായാണ് കേസുകള്‍ നടത്തിയത്. എന്നാല്‍ നീതിപീഠത്തില്‍ നിന്നു മാത്രം നീതി കിട്ടിയെന്ന ആശ്വാസമുണ്ട്. നേരിന്റെയും നീതിയുടെയും ക്രൈസ്തവ മൂല്യങ്ങളുടെയും ശക്തമായ സാന്നിധ്യമായിരുന്നു ദീര്‍ഘകാലം കേരള പോലീസില്‍ വിവിധ ഉന്നതപദവികള്‍ വഹിച്ച റിട്ട. ഡിജിപി ഡോ. സിബി മാത്യൂസെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. രണ്ടു തവണ രാഷ്ട്രപതിയില്‍ നിന്നു മികച്ച സേവനത്തിനുള്ള മെഡല്‍ ലഭിച്ചതുതന്നെ പൊതുജീവിതത്തില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച സത്യസന്ധതയ്ക്കും നീതിബോധത്തിനുമുള്ള അംഗീകാരമാണ്. ഇരിങ്ങാലക്കുട രൂപത മുഖപത്രമായ കേരളസഭയുടെ വാര്‍ഷിക സമ്മേളന വേദിയിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം. രൂപതയുടെ സേവനപുരസ്ക്കാരം ബഹുമതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ലിന്‍സി പീറ്ററിനും ജീവകാരുണ്യപ്രവര്‍ത്തകനായ ജെയ്സന് കരപ്പറമ്പിലിനും ബിഷപ്പ് സമ്മാനിച്ചു. രൂപതയിലെ 140 ഇടവകകളില്‍ നിന്നുള്ള കുടുംബ യൂണിറ്റ്, കേന്ദ്രസമിതി പ്രസിഡന്റുമാരും വൈദിക, സന്യസ്ത പ്രതിനിധികളുമായി എണ്ണൂറോളം പേര് പങ്കെടുത്തു. കേരളസഭ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. വികാരി ജനറല്‍ മോണ്‍. ജോയ് പാലിയേക്കര, ഫാ. വില്സന് ഈരത്തറ, മാനേജിംഗ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, അസി. ഡയറക്ടര്‍ ഫാ. ടിന്റോ കൊടിയന്‍, സിസ്റ്റര്‍ എല്‍സി കോക്കാട്ട്, ഫാ. ജോജി പാലമറ്റത്ത്. ചീഫ് എഡിറ്റര്‍ ജോസ് തളിയത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, രൂപത കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍, കോഓര്‍ഡിനേറ്റര്‍ ടി. പി. ജോണി എന്നിവര്‍ പ്രസംഗിച്ചു.