ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരം 2022ന് തെരഞ്ഞെടുക്കപ്പെട്ട കെ.ജി. നിതിന്‍
ഇരിഞ്ഞാലക്കുട: മലയാള സാഹിത്യം ബിരുദപഠനത്തിന്റെ ഭാഗമായി സമര്‍പ്പിക്കുന്ന മികച്ച പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ്കോളജ് സംസ്ഥാനതലത്തില്‍ നല്കുന്ന ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി പുരസ്കാരം 2022ന് എറണാകുളം മഹാരാജാസ് ഗവ. ഓട്ടോണമസ് കോളജിലെ കെ.ജി. നിതിന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, പുരസ്കാര സമിതി കണ്‍വീനര്‍ ഡോ. സി.വി. സുധീര്‍ എന്നിവര്‍ അറിയിച്ചു. 5001 രൂപയും ഫലകവും സര്‍ട്ടിഫിക്കേറ്റും അടങ്ങുന്ന പുരസ്കാരം 2022 ഡിസംബര്‍ 22 രാവിലെ പത്ത് മണിക്ക് പ്രഫ. സുനില്‍ പി. ഇളയിടം സമര്‍പ്പിക്കും. കേരളീയനവോത്ഥാനവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ക്രൈസ്റ്റ് കോളജില്‍ നിന്നുള്ള മികച്ച ബിരുദതല പ്രബന്ധം സമര്‍പ്പിച്ച അഞ്ജലി സോമന് 1001 രൂപയും സര്‍ട്ടിഫിക്കേറ്റും നല്‍കും. ഡോ. അജു. കെ. നാരാണന് (എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ്) ഡോ. കെ.വി. ശശി (മലയാളം സര്‍വ്വകലാശാല) ഡോ. അനു പാപ്പച്ചന് (വിമല കോളജ് തൃശൂര്‍) ഡോ. സി.വി. സുധീര്‍ (ക്രൈസ്റ്റ് കോളജ്) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മലയാളവിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യന്‍ ജോസഫിന്റെ ബഹുമാനാര്‍ത്ഥം പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രബന്ധങ്ങള്‍ ഇ ബുക്ക് ആയി പ്രസിദ്ധീകരിക്കുമെന്ന് പുരസ്കാരസമിതി അറിയിച്ചു.