ഭിന്നശേഷിക്കാരുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന പദ്ധതി ഉണര്‍വിന്റെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ഭിന്നശേഷി വിഭാഗത്തില്‍ ഉള്ളവരുടെ കുടുംബങ്ങള്‍ക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റ് വില്ലേജും, കുടുംബശ്രീ മോഡലില്‍ ഉള്ള സ്വയം സഹായ സംഘങ്ങളും സര്‍ക്കാര്‍ കൊണ്ടുവരുന്നതായും ഭിന്നശേഷിക്കരെ കൂടി ഉള്‍ക്കൊള്ളുന്ന സമീപനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കരൂടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്റെ സഹായത്തോടെ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന പദ്ധതിയായ ഉണര്‍വിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ പല കാരണത്താല്‍ ഭിന്നശേഷിക്കാര്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കാവശ്യം ആയ സൗകര്യം ഒരുക്കുക സര്‍ക്കാരിന്റെ ചുമതലയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ വിശദീകരണം പഞ്ചായത്ത് സെക്രട്ടറി ഷജിക് നടത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷയായ ചടങ്ങില്‍ നിപ്മേര് ഡയറക്ടര്‍ ചന്ദ്രമോഹന്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയി. ജനപ്രതനിധികളായ മോഹനന് വലിയാട്ടില്‍, സി.സി. സന്ദീപ്, ടി.വി. ലത, വിമല സുഗുണന്, വി.എ. ബഷീര്‍, അമിത മനോജ്, സുനിത മനോജ്, ഇ.എല്‍. ജോസ്, എന്‍.ഡി. ദനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയമാന് വി.എ. കമറുദ്ദീന് സ്വാഗതവും സിഡിഎസ് സൂപ്പര്‍വൈസര്‍ രേവതി ജി. നാഥ് നന്ദിയും രേഖപ്പെടുത്തി.