വാടാനപ്പളളി കടല്‍തീരത്ത് കോഡിങ്ങിന്റെ ഉത്സവം ഒരുക്കി ബീച്ച് ഹാക്ക്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് മെഗാ കോഡിങ് ഹാക്കത്തോണ്‍ ബീച്ച് ഹാക്ക് 2022ന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. കമ്പ്യൂട്ടര്‍ സയന്‍സിന്റെ സഹായത്തോടെ സമൂഹത്തിന് ഉപകാരപ്രദമായ നൂതന ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വാടാനപ്പളളി കടല്‍തീരത്ത് കേരളത്തിന് അകത്തും പുറത്തും നിന്നുള്ള മികച്ച കമ്പ്യൂട്ടര്‍ സയന്‍സ് മസ്തിഷ്കങ്ങള്‍ കിരീടത്തിനായി മാറ്റുരയ്ക്കും. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത ആയിരത്തിയഞ്ഞൂറ് വിദ്യാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈനായി സംഘടിപ്പിച്ച സ്ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് ടീമുകളാണ് അബിദീപ്സ് പാരഡൈസ് റിസോര്‍ട്ടില്‍ വച്ച് നടത്തപ്പെടുന്ന അവസാന ഘട്ടത്തിന് യോഗ്യത നേടിയത്. മറൈന്‍ ആന്‍ഡ് ഫിഷറീസ് എന്നതായിരുന്നു പ്രാഥമിക റൗണ്ടിലെ തീം. എഴുപത്തയ്യായിരം രൂപയാണ് സമ്മാനത്തുക. ഹാക്കത്തോണിന്റെ വിജയത്തിനായി അധ്യാപകരായ ഡോ. രമ്യ കെ. ശശി, ആന്റണി ടി. ജോസ്, വിദ്യാര്‍ഥികളായ എന്റിക് എസ്. നീലങ്കാവില്‍, സി.പി. അമല്‍, അജയ് വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.