ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍ ജീവനക്കാരില്ല, സര്‍വീസുകള്‍ നിര്‍ത്തുന്നു
ഇരിങ്ങാലക്കുട: വരുമാനത്തില്‍ മുന്നിലാണെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ പിന്നോട്ടടിക്കുന്നു. ജില്ലയിലെ ഏറ്റവും കുറവ് ജീവനക്കാരുള്ള ഓപ്പറേറ്റിംഗ് സെന്ററാണ് ഇരിങ്ങാലക്കുടയിലേത്. 2022 ഡിസംബറില്‍ മാത്രം 13 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സെന്ററാണ് ഇരിങ്ങാലക്കുട. ഇതില്‍ ബജറ്റ് ടൂറിസത്തിലൂടെ മാത്രം 4.61 ലക്ഷത്തിന്റെ വരുമാനവുമുണ്ടായിരുന്നു. നേരത്തെ 21 ഷെഡ്യൂള്വരെ ഓപ്പറേറ്റ് ചെയ്തിരുന്ന ഇവിടെ പിന്നീട് 14 ആയി ചുരുങ്ങുകയും ഇപ്പോഴത് പത്താകുകയും ചെയ്തു. പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം വരുമാനം ലഭിച്ചിരുന്ന യൂണിറ്റില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ഇപ്പോള്‍ പ്രതിദിനവരുമാനം രണ്ടുലക്ഷം രൂപയില്‍ താഴെയായി. 40 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ 25 പേര് മാത്രമാണുള്ളത്. 17 സര്‍വീസിന് 40 ഡ്രൈവര്‍മാരാണ് വേണ്ടത്. 14 സര്‍വീസിന് 32 പേരും. ജീവനക്കാര്‍ മെഡിക്കല്‍ ലീവില്‍ പോകുന്നതുകൂടിയായതോടെ സര്‍വീസുകള്‍ താറുമാറായി. മികച്ച കളക്ഷനുള്ള പല സര്‍വീസുകളും ഇതുമൂലം വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിലാണ്. ഇതുമൂലം 8.30നുള്ള ആലുവ, 7.30നുള്ള എറണാകുളം, 5.35ന്റെ പാലക്കാട് സര്‍വീസുകള്‍ നിരന്തരം ഒഴിവാക്കപ്പെടുന്നുണ്ട്. മതിലകം ഇരിങ്ങാലക്കുട വെള്ളാനിക്കോട്, ഇരിങ്ങാലക്കുട മെഡിക്കല്‍ കോളജ്, ഇരിങ്ങാലക്കുട വൈറ്റില എന്നി സര്‍വീസുകളും നടത്താനാകുന്നില്ല. കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ സമീപനമാണ് ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കാത്തതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ജീവനക്കാരുടെ കുറവ് അധികൃതരെ പലതവണ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ജീവനക്കാര്‍തന്നെ പറയുന്നു.