മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് ടാറിടല്‍, പദ്ധതി സമര്‍പ്പിച്ചിട്ട് ആറുമാസം; പണമില്ല
മൂര്‍ക്കനാട്: കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡ് വീണ്ടും ടാറിടുന്നതിനായി ഇറിഗേഷന്‍ വകുപ്പ് 85 ലക്ഷം രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ട് ആറുമാസ മായെങ്കിലും തുക ലഭിച്ചില്ല. കാറളം, തൃപ്രയാര്‍, എടമുട്ടം, കാട്ടൂര്‍ എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് എളുപ്പമെത്താനുള്ള പ്രധാന റോഡാണ് കുണ്ടും കുഴികളുമായി കിടക്കുന്നത്. മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി രണ്ടുകോടി ഏഴുലക്ഷം രൂപ ചെലവിലാണ് വലിയപാലം മുതല്‍ കാറളം വരെ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. എന്നാല്‍ അതിനുശേഷം ഈ റോഡില്‍ ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മൂന്നുകിലോമീറ്ററിലേറെ വരുന്ന റോഡ് പൂര്‍ണമായും ടാറിടുന്നതിനായിട്ടാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫണ്ടില്ലാത്തതിനാല്‍ പദ്ധതിക്ക് അനുമതി കിട്ടിയിട്ടില്ല. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മൂന്ന് ഘട്ടമായി ടാറിടാനും തയ്യാറാണെന്ന് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കി. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തി ഈ ദുരവസ്ഥ പരിഹരിക്കണമെന്ന് നാട്ടുക്കാര് ആവശ്യപ്പെട്ടു.