യാത്രക്കാര്‍ക്ക് ആശ്വാസം; ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനിലെ മരച്ചില്ലകള്‍ മുറിച്ചുമാറ്റി
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന് വളപ്പിലെയും മുന്‍വശത്തെ റോഡരികിലെയും മരച്ചില്ലകളില്‍നിന്ന് ഇടതടവില്ലാതെ പൊഴിയുന്ന പക്ഷിക്കാഷ്ഠം കുറച്ചൊന്നുമല്ല യാത്രക്കാരെ വലച്ചിരുന്നത്. തലയിലും വസ്ത്രങ്ങളിലും കാഷ്ഠം പറ്റാതിരിക്കാന്‍ മൂക്കുപൊത്തി ഓടുകയായിരുന്നു യാത്രക്കാരുടെ പതിവ്. ഇവിടെയത്തിയാല്‍ ഇരുചക്രക്കാര്‍ വണ്ടിയുടെ വേഗംകൂട്ടിപ്പായും. ഇവിടത്തെ വന്മരച്ചില്ലകളിലെല്ലാം നൂറുകണക്കിനു ദേശാടനപക്ഷികളാണ് ചേക്കേറുന്നത്. സദാസമയവും ഇവയുടെ കാഷ്ഠം യാത്രക്കാര്‍ പോകുന്ന റോഡിലേക്കാണ് പതിക്കുന്നത്. മരങ്ങളില്‍നിന്നു പൊഴിയുന്ന ഇലകളും പക്ഷിക്കാഷ്ഠവും റോഡില്‍ നിറഞ്ഞുകിടക്കുന്നത് വാഹനങ്ങള്‍ക്ക് വലിയ അപകടഭീഷണിയും ഉയര്‍ത്തിയിരുന്നു. ദക്ഷിണ റെയില്‍വേ അധികൃതരുടെ നിരീക്ഷണത്തില്‍ കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനു കീഴില്‍ വൃത്തിഹീനമായ അന്തരീക്ഷമുള്ള റെയില്‍വേ സ്റ്റേഷനുകളായി രേഖപ്പെടുത്തിയിട്ടുള്ള നാലെണ്ണത്തില്‍ ഇരിങ്ങാലക്കുടയെയും ഉള്‍പ്പെട്ടിരുന്നു. സ്റ്റേഷന്റെ വൃത്തിയില്ലായ്മക്ക് പ്രധാനമായ കാരണം ദേശാടന പക്ഷികളുടെ ഇത്തരം സാന്നിധ്യമാണെന്ന് വിലയിരുല്‍. സ്റ്റേഷനിലേക്കുള്ള വഴിയിലും മുന്വശത്തുമുള്ള വന്മരങ്ങളില് ചേക്കേറുന്ന നൂറുകണക്കിനു പക്ഷികളുടെ കാഷ്ഠം വലിയ ദുര്‍ഗന്ധമാണ് പരിസരത്താകെ ഉണ്ടാക്കുന്നത്. സ്റ്റേഷനുമുന്നില്‍ പ്രധാന പാതയിലേക്കു ചാഞ്ഞു നില്ക്കുന്ന മരച്ചില്ലകള്‍ ഭാഗികമായി മുറിച്ചുമാറ്റി. ഇതോടെ പക്ഷിക്കാഷ്ഠം മൂലം റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടിന് താല്കാലിക പരിഹാരമായി. യാത്രക്കാരുടെ തലയിലേക്കും അവിടെവയ്ക്കുന്ന വാഹനങ്ങളിലും പക്ഷിക്കാഷ്ഠം വീഴുന്നത് പതിവാണ്, ഇതുമൂലുണ്ടാകുന്ന ദുര്‍ഗന്ധവും അസഹനീയമായിരുന്നു. ഇക്കാരണങ്ങളാല്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു പക്ഷിക്കാഷ്ഠം വീഴുന്നതിന് പരിഹാരം വേണമെന്നത്. എന്നാല്‍ മരച്ചില്ലകള്‍ മുറിച്ചാല്‍ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷമാണെന്ന് ചൂണ്ടിക്കാണിച്ച് പക്ഷി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവ വെട്ടിമാറ്റാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയുടെ നേതൃത്വത്തില്‍ മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന മരച്ചില്ലകള്‍ മാത്രം മുറിച്ചുമാറ്റി പരിഹാരമുണ്ടാക്കിയത്. അതേസമയം റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം മുതല്‍ റോഡുവരെയുള്ള ഭാഗം ട്രെസ് ചെയ്യുന്നതിനും റോഡില്‍ നിന്നും സ്റ്റേഷന് ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് കവാടം നിര്‍മിക്കാനുമുള്ള പദ്ധതിക്ക് ഇതുവരെയും അനുമതി കിട്ടിയിട്ടില്ല. എംപിയുടെ വികസന ഫണ്ടില്‍നിന്ന് ടി.എന്‍. പ്രതാപന് എംപി അനുവദിച്ച 50 ലക്ഷം രൂപയുടെ പദ്ധതിക്ക് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടാകാത്തതിനാല്‍ അതും നീണ്ടുപോകുകയാണ്. ഇതുംകൂടി വന്നാല്‍ യാത്രക്കാര്‍ക്ക് സുഗമമായി സ്റ്റേഷനിലെത്താന്‍ കഴിയും.