ഇരിങ്ങാലക്കുടയില്‍ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്കായി പത്ത് വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറന്നു
ഇരുചക്ര വാഹനക്കാര്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും ആശ്വാസമാകുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഇരുചക്ര വാഹനങ്ങള്‍ക്ക് ഇരുപത് പൈസ മാത്രം ചിലവാക്കി ഒരു കിലോമീറ്ററില്‍ യാത്ര ചെയ്യാം. ഇലക്ട്രിക് ഓട്ടോറിക്ഷക്ക് പ്രസ്തുത ദൂരം പിന്നിടാന്‍ വേണ്ടത് അമ്പത് പൈസ മാത്രം. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ ഇന്ധന ചിലവിലുള്ള ലാഭം മൂലം വാഹനത്തിന്റെ മുടക്ക് മുതല്‍ തിരികെ ലഭിക്കുകയും ചെയ്യുമെന്ന് കെഎസ്ഇബി. വണ്ടികള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങളും കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഒരു നിയോജക മണ്ഡലത്തില്‍ ചുരുങ്ങിയത് അഞ്ച് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉറപ്പ്. സംസ്ഥാനത്ത് ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി സഹകരിച്ച് ഒന്‍പത് കോടി രൂപ ചിലവില്‍ 1165 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. രണ്ട് മണിക്കൂര്‍ സമയം കൊണ്ട് ഓട്ടോറിക്ഷകളുടെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്ത് 120 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും കെഎസ്ഇബി ഉറപ്പ് തരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പത്ത് പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സ്ഥാപച്ചിരിക്കുന്നത്. വൈദ്യുതി ഭവന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ സാധ്യതകള്‍ വിനിയോഗിക്കാന്‍ കഴിയേണ്ടതുണ്ടെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുളളതെന്നും മണ്ഡലത്തില്‍ കൂടുതല്‍ ഹൈമാസ്റ്റ് ലൈറ്റുകളും മിനി ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കുന്ന നടപടികള്‍ നടന്ന് വരികയാണെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷയായിരുന്നു.