ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ക്ക് എംഎല്‍എ മാര്‍ ലാപ്പ്ടോപ്പ് നല്‍കും
ഇരിങ്ങാലക്കുട:വില്ലേജ് ഓഫീസുകളിലേക്ക് നിയമസഭാമണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എ ഫണ്ടുപയോഗിച്ച് ലാപ്ടോപ്പും മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററും നല്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള കംപ്യൂട്ടറുകളും പ്രിന്ററുകളും ഞായറാഴ്ച്ച ഉച്ചക്ക് 2 ന് മാന്ദാമംഗലം വില്ലേജ് ഓഫീസില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ മണ്ഡലം എം എല്‍ എ യും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.രാജന് വിതരണം ചെയ്യും.വടക്കാഞ്ചേരി എം എല്‍ എ സേവ്യര്‍ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനാകും.കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികളില്ലാത്തതിനാല്‍ ഇ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നുവെന്ന ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുടെ നിരന്തര പരാതി പരിഹാരത്തിനും ഇതോടെ തുടക്കമാകും. വിവിധഇനം സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മാത്രമാണ് ആദ്യകാലങ്ങളില്‍ വില്ലേജ് ഓഫീസുകളില്‍ ഓണ്‍ലൈനായി നടന്നുവന്നിരുന്നത്. അടുത്തകാലത്തായി ഭൂനികുതി സ്വീകരിക്കല്‍,കെട്ടിടനികുതി നിര്‍ണ്ണയവും കെട്ടിടനികുതി സ്വീകരിക്കലും, തണ്ടപ്പേര് അക്കൗണ്ട്, റവന്യൂ റിക്കവറി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, കോവിഡ് ധനസഹായം, വോട്ടര്‍പട്ടിക,കാന്‍സര്‍, അഗതി പെന്‍ഷനുകള്‍, ഭൂമി തരംമാറ്റം ഉള്‍പ്പടെ ഒട്ടേറെ സേവനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിരുന്നു. അതോടൊപ്പം കടലാസ് രഹിത ഇ ഓഫീസ് സംവിധാനവും നടപ്പാക്കി. മറ്റ് ഓഫീസുകളിലേക്കുള്ള ഫയല്‍ നീക്കം ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റേണ്ടി വന്നു.ഇതോടെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും ആവശ്യത്തിന് ഉപകരണങ്ങളില്ലാത്ത സ്ഥിതി വന്നു.വില്ലേജ് ഓഫീസുകളിലെ ഇ ഓഫീസ് പ്രവര്‍ത്തനത്തിനായി കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം എല്‍ എ മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാമെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവിനേ തുടര്‍ന്നാണ് വില്ലേജ് ഓഫീസുകള്‍ക്ക് എം എല്‍ എ മാര്‍ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നല്‍കുന്നത്.
ഇതില്‍ ഒല്ലൂര്‍ മണ്ഡലത്തിലെ നടപടികള്‍ പൂര്‍ത്തിയായി. തൃശ്ശൂര്‍,ഗുരുവായൂര്‍,പുതുക്കാട്,വടക്കാഞ്ചേരി,നാട്ടിക,കൊടുങ്ങല്ലൂര്‍,കൈപ്പമംഗലം,മണലൂര്‍ മണ്ഡലങ്ങളിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം നടപടികളുടെ വിവിധഘട്ടങ്ങളിലാണ്. ഇരിങ്ങാലക്കുട,ചാലക്കുടി,കുന്നംകുളം,ചേലക്കര മണ്ഡലങ്ങളിലും വൈകാതെ നടപ്പാകും. വില്ലേജ് ഓഫീസുകളിലെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനും (കെ ആര് ഡി എസ് എ) ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.