നിര്‍ദ്ധനന്റെ നിലവിളി ഉയരുന്ന ധര്‍മ്മാശുപത്രികള്‍ സര്‍ക്കാര്‍ കാണാതെ പോകരുത്: പുന്നല ശ്രീകുമാര്‍
ആളൂര്‍: നിര്‍ദ്ധനന്റെ നിലവിളി ഉയരുന്ന ധര്‍മ്മാശുപത്രികള്‍ സര്‍ക്കാര്‍ കാണാതെ പോകരുതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. തൃശൂര്‍ ജില്ലാതല നേതൃയോഗം ആളൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭാര്യയുടെ കൂട്ടിരിപ്പുകാരനായി എത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവും, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ഗൗരവമുള്ളതാണ്. കുറ്റക്കാര്‍ക്കെതിരെ നാളിതുവരെയായി നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. പിതാവ് മരണപ്പെട്ട് മോര്‍ച്ചറിയിലും, അപകടത്തില്‍പ്പെട്ട മാതാവ് അതേ ആശുപത്രിയില്‍ ചികിത്സയിലും കഴിയുന്ന ഒരു സാധു ചെറുപ്പക്കാരന്റെ അവസ്ഥ മനസകിലാക്കാതെ മനുഷത്വരഹിതമായി പെരുമാറിയ ജീവനക്കാരുടെ നടപടി നീതീകരിക്കാവുന്നതല്ല. സ്വകാര്യ ആംബുലന്‍സ് ജീവനക്കാരനോടൊപ്പം യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആതുരസേവനം വലിയ ബഹുമതിയും ഉത്തരവാദിത്വവുമാണ്. മറ്റുള്ളവരുടെ ദുരിതങ്ങള്‍ കാണാതെ ക്രിമിനലുകളെപ്പോലെ പെരുമാറുന്ന ജീവനക്കാര്‍ ഖ്യാതി നേടിയ ഈ സേവന മേഖലയുടെ ബാധ്യതയും നാണക്കേടുമാണ്. കേരളത്തിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സഹായത്തോടെ വിഹരിക്കുന്ന മാഫിയ ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാത്ത പക്ഷം സര്‍ക്കാര്‍ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയേറ്റ് അംഗം പി.സി. രഘു അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.എ. അജയഘോഷ്, പി.എന്‍. സുരന്, ടി.വി. ശശി തുടങ്ങിയവര്‍ സംസാരിച്ചു.