കുടിവെള്ള പദ്ധതിയാണ് വേണ്ടത്
മന്ത്രിയോട് കുന്നത്തറ കോളനി നിവാസികള്‍
മുരിയാട്: കുന്നത്തറ കോളനിയില്‍ കുടിവെള്ള പദ്ധതി വേണമെന്ന് നിവാസികള്‍ ആവശ്യപ്പെട്ടു. അംബേദ്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയുടെ ഭാഗമായി മന്ത്രി ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗത്തിലാണ് നിവാസികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു കോടി രൂപയാണ് കോളനിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. പ്രഥമ പരിഗണന കുടിവെള്ളത്തിന് നല്‍കണമെന്ന് പങ്കെടുത്തവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിക്കാവശ്യമായി വരുന്ന തുകയുടെ കണക്കെടുക്കാന്‍ നിര്മിതികേന്ദ്രയോട് മന്ത്രി നിര്‍ദേശം നല്കി. ഓരോ വര്‍ഷവും ഓരോ പട്ടികജാതി കോളനികളെ തിരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കര്‍ സ്വാശ്രയഗ്രാമം. വീടുകളുടെ അറ്റകുറ്റപ്പണി, റോഡ് നവീകരണം, കമ്മ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉദ്ദേശിച്ചിരുന്നത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, പട്ടികജാതി വികസന ഓഫീസര്‍ പ്രീത, എസ്സി പ്രൊമോട്ടര്‍ ചിഞ്ചു, എസ്സി അക്രെഡിറ്റഡ് എന്‍ജിനീയര്‍ ഐശ്വര്യ തുടങ്ങിയവര്‍ പങ്കെടുത്തു