ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം
ഇരിങ്ങാലക്കുട: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തിയ പന്ത്രണ്ടു മണിക്കൂര്‍ മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ആശുപത്രികളിലേയും ഡോക്ടര്‍മാരേയും, ആരോഗ്യ പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച് മാര്‍ച്ച് നടത്തി. ഐഎംഎ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഡോ. ജോം ജേക്കബ്ബ് നെല്ലിശ്ശേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി നിന്നാരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന് പ്രതിഷേധ സൂചകമായി മെഴുതിരി കത്തിക്കലും നടത്തി. ഏകദേശം ഇരുന്നൂറോളം പേര് മാര്‍ച്ചില്‍ പങ്കെടുത്തു.ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വം കേരളത്തിലെ ഓരോ പൗരന്റേയും കടമയാണെന്ന് ഡോ. ജോം ജേക്കബ്ബ് നെല്ലിശ്ശേരി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് എന്ന പേരില്‍ നിലവിലുള്ള നിയമ സംവിധാനം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രേഖപ്പെടുത്തുകയും ആശുപത്രി അക്രമണം നടത്തുന്ന എല്ലാവര്ക്കും തക്കതായ ശിക്ഷ ലഭിക്കാനും നിയമമുള്ള കേരളത്തില്‍ ഒരു ആശുപത്രി അക്രമണം കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടന്നിട്ട് ഒരാഴ്ച്ചയായിട്ടും എല്ലാ പ്രതികളേയും പിടികൂടാത്തതിലുള്ള അമര്‍ഷവും ഡോ. ജോം ജേക്കബ്ബ് നെല്ലിശ്ശേരി രേഖപ്പെടുത്തി. ആരോഗ്യം എന്നുള്ളത് ഓരോ വ്യക്തിയുടെയും അവകാശം എന്നുള്ളത് പോലെ ആരോഗ്യ രംഗത്തുള്ള എല്ലാവരെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഡോ. എല്‍.എന്‍. വിശ്വനാഥന് ഓര്‍മ്മപ്പെടുത്തി. ആരോഗ്യ അനിശ്ചിതാവസ്ഥയും ആക്രമണ വാസനയും മനുഷ്യമനസുകളില്‍ അന്ധകാരം നിറയ്ക്കുന്നുവെന്നും, അന്ധകാരത്തിലേക്ക് പ്രകാശമായി കടന്നു ചെല്ലേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നും സൂചിപ്പിച്ചു കൊണ്ട് മെഴുകുതിരി കത്തിച്ചാണ് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും ഈ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.